ഗുജറാത്തിലും കോൺഗ്രസിന് അടിപതറുന്നു; രാജിവച്ചത് നാല് എംഎൽഎമാർ

മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടരാജി. നാല് എംഎൽഎമാരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്ഥിരീകരിച്ചു. നാല് പേരും ബിജെപി ക്യാംപിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിമതരുടെ വോട്ടുകൾ ഉറപ്പിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർഥികളെയും ജയിപ്പിച്ചെടുക്കുകയാണ് ബിജെപിയുടെ നീക്കം.
എംഎൽഎമാർ കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെ പതിനാല് പേരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കാണാതായ ജെവി കക്കാഡിയയും സോമാ പട്ടേലും അടക്കം നാല് എംഎൽഎമാരാണ് സ്പീക്കർക്ക് രാജികത്ത് നൽകിയത്. എന്നാൽ, കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്ന് മുതിർന്ന നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നൂറ്റിയെൺപ്പത്തിരണ്ട്‍ അംഗ നിയമസഭയില്‍ കോൺഗ്രസിന് എഴുപത്തിമൂന്ന് അംഗങ്ങളാണുള്ളത്. നാല് പേര്‍ രാജിവച്ചതോടെ അറുപത്തിയൊൻപതായി ചുരുങ്ങും. ബിജെപിയ്ക്ക് നൂറ്റിമൂന്ന് അംഗങ്ങളുണ്ട്.
രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് ഇരുപ്പത്തിയാറിന് നടക്കാനിരിക്കെയാണ് ബിജെപി ക്യാമ്പ് നീക്കങ്ങൾ ശക്‌തമാക്കിയത്. മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ നൂറ്റിപ്പത്ത് ഫസ്റ്റ് വോട്ടുകൾ ബിജെപിയ്ക്ക് ആവശ്യമാണ്. കോൺഗ്രസ് വിമതരെ സ്വന്തം പാളയത്ത് എത്തിച്ച് രാജ്യസഭാ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ.
അതേ സമയം, മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിമത എംഎൽഎമാർ നേരിട്ട് എത്തിയതിനു ശേഷം വിശ്വാസവോട്ടെടുപ്പ് എന്ന നിലപാടിലാണ് മുഖ്യമന്ത്രി കമൽനാഥ്. വോട്ടെടുപ്പ് ഉണ്ടാകുമോ എന്നത് നാളെ അറിയാമെന്ന് സ്പീക്കർ എൻപി പ്രജാപതി പറഞ്ഞു. മുഖ്യമന്ത്രി കമൽനാഥ് രാത്രി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഇരുപത്തിരണ്ട് എംഎൽഎമാരാണ് കമൽ നാഥ് സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചത്. ഇതോടെ സർക്കാർ ന്യൂനപക്ഷമായെന്ന് ബിജെപി നേതാക്കൾ ഗവർണർ ലാൽജി ടണ്ഠനെ അറിയിച്ചിരുന്നു.
Story Highlights: four congress mlas resigned in gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here