മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ടുപേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിച്ചു.

ജിദ്ദയില്‍ നിന്ന് ഉംറ കഴിഞ്ഞ് എത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും, അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിക്കുമാണ് രോഗബാധ റിപ്പോട്ട് ചെയ്തത്. വണ്ടൂര്‍ സ്വദേശിനി മാര്‍ച്ച് ഒമ്പതിന് ജിദ്ദയില്‍ നിന്നു കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യയുടെ 960 നമ്പര്‍ വിമാനത്തിലാണ് വന്നത്. ഇവർ 14 പേരുമായി സംഭർക്കം പുലർത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനി മാര്‍ച്ച് 12 ന് എയര്‍ ഇന്ത്യയുടെ 964 നമ്പര്‍ വിമാനത്തിൽ നെടുമ്പാശ്ശേരിയിലാണ് എത്തിയത്. ഇവർ ബന്ധുക്കൾ ഉൾപ്പടെ 40 പേരുമായി സമ്പർക്കം പുലർത്തി എന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ കണ്ടെത്തൽ.

ഈ വിമാനങ്ങളില്‍ എത്തിയ യാത്രക്കാരും വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

നേരത്തെ, കാസര്‍ഗോട് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി. 12740 പേര്‍ വിവിധജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 1693 സാമ്പിളുകള്‍ നെഗറ്റീവാണ്.

Story Highlights: 2 covid 19 positive cases in malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top