കൊവിഡ് 19; വർക്കലയിൽ കനത്ത ജാഗ്രതയുമായി സർക്കാർ

വർക്കലയിൽ കനത്ത ജാഗ്രതയുമായി സർക്കാർ. രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനുമായി അടുത്ത സമ്പർക്കം പുലർത്തിയ 30 പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കൂടുതൽ ആളുകളുടെ രക്ത പരിശോധന നടത്തുമെന്നും നിരീക്ഷണത്തിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുനലൂരിൽ അപകടത്തിൽപ്പെട്ട കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി തിരുവനന്തപുരം മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിൽ.
വർക്കലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് പൂർണമായി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് താഴേതട്ടിലെ വിവരശേഖരണത്തിനും, പ്രതിരോധത്തിനും സർക്കാർ ഊന്നൽ നൽകുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി വർക്കലയിൽ മന്ത്രിയുടെ നേതൃത്വത്തിൽ കൗൺസിൽ യോഗം ചേർന്നു. ഇറ്റാലിയൻ പൗരൻ നേരിട്ട് സമ്പർക്കം പുലർത്തിയ 100ലധികം പേരെതിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 30 പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അടുത്തിടപഴകിയവരും അകലം പാലിച്ചവരുമെന്ന വ്യത്യാസമില്ലാത്തെ സംശയിക്കുന്ന എല്ലാപേരുടെയും രക്തം പരിശോധിക്കും. ഇറ്റലി പൗരനുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് രോഗബാധ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും വർക്കലയിൽ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം,കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുനലൂരിൽ അപകടത്തിൽ പെട്ട വ്യക്തിയെ മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. വിദേശത്ത് നിന്ന് വന്ന ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടിലെ നിരീക്ഷണത്തിലായിരുന്നു. ഇത് തെറ്റിച്ച് പുറത്ത് സഞ്ചരിക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ, കൊവിഡ് നിരീക്ഷണത്തിലാണെന്ന വിവരം മെഡിക്കൽ കോളജ് അധികൃതരോട് മറച്ചുവച്ചു.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം അങ്ങോട്ട് ചോദിച്ചറിയുകയായിരുന്നു. ഇയാളെ ചികിത്സിച്ചവരും, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവരുമുൾപ്പടെയുള്ള ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയാണ്.
കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും ജില്ലയിൽ എത്തിയവർ യാത്രാ വിവരങ്ങൾ അറിയിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
Story highlight: Kollam, covid19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here