പെരുമ്പാവൂരില്‍ ആശുപത്രി മാലിന്യങ്ങളുമായി ലോറി കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂരില്‍ ആശുപത്രി മാലിന്യങ്ങളുമായി വാഹനം കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. മാലിന്യം എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം വേണമെന്ന് നഗരസഭാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു.

പെരുമ്പാവൂര്‍ ഇവിഎം തിയറ്ററിന് സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ദിവസങ്ങളായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു വാഹനം. ഇവിടെ സ്ഥിരം വാഹനങ്ങള്‍ നിര്‍ത്തിയിടാറുള്ളത് കൊണ്ട് മാലിന്യം നിറഞ്ഞ വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി പൊലീസ് അവഗണിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ലോറി പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോറി കൊടുവള്ളി സ്വദേശിയുടേതാണെന്ന് കണ്ടത്തിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് മാലിന്യം കൊണ്ടുപോകും വഴി വാഹനം തകരാറിലായതിനെ തുടര്‍ന്നാണ് നിര്‍ത്തിയിട്ടതെന്നാണ് ഉടമയുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. എന്നാല്‍ ലോറി ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top