രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്തത്.
സുപ്രിംകോടതിയിൽ ജനാധിപത്യം അപകടത്തിലാണെന്ന്, ചരിത്രത്തിൽ ഇടംപിടിച്ച വാർത്താ സമ്മേളനം നടത്തി വിളിച്ചുപറഞ്ഞ നാല് മുതിർന്ന ജഡ്ജിമാരിൽ പ്രധാനിയായിരുന്നു രഞ്ജൻ ഗൊഗോയ്. രഞ്ജൻ ഗൊഗൊയ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റപ്പോൾ ആകാശത്തോളം പ്രതീക്ഷയായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് ഉണ്ടായ വിവാദങ്ങളും അസാധാരണ നടപടികളും പലപ്പോഴും ചീഫ് ജസ്റ്റിസ് കസേരയുടെ വിശ്വാസ്യതയെ തന്നെ സംശയത്തിൽ നിർത്തി. ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ് ജസ്റ്റിസാണ് ഗൊഗോയ്. സുപ്രിംകോടതിയിലെ മുൻ ജീവനക്കാരിയുടെ ആരോപണങ്ങൾ ജുഡിഷ്യറിയെ തകർക്കാനാണെന്ന് അസാധാരണ സിറ്റിങ് നടത്തി വിളിച്ചുപറഞ്ഞു.
ചീഫ് ജസ്റ്റിസ് ആകുന്നതിന് മുൻപ് പല കേസുകളിലും കേന്ദ്രത്തിനെതിരെ കർശന നിലപാട് എടുത്തിരുന്ന ഗൊഗൊയ്, ചീഫ് ജസ്റ്റിസ് ആയതോടെ പത്തി താഴ്ത്തിയെന്ന് ആരോപണമുയർന്നു. കേന്ദ്രം എതിർകക്ഷിയായിട്ടുള്ള കേസുകളിൽ മുദ്രവച്ച കവറിൽ രേഖകൾ സ്വീകരിക്കുന്നത് പതിവാക്കി. സുപ്രിംകോടതി കൊളീജിയത്തിന്റെ പല ജുഡീഷ്യൽ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും വിവാദമായി. അയോധ്യാ കേസിൽ മാരത്തൺ വാദം നടത്തി 134 വർഷത്തെ നിയമയുദ്ധത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചു. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു. ഒടുവിൽ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജൻ ഗൊഗൊയ് പദവി ഒഴിഞ്ഞത്.
Story Highlights- ranjan gogoi,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here