മധ്യപ്രദേശിലെ വിമത കോൺഗ്രസ് എംഎൽഎമാരുടെ രാജി; ചോദ്യങ്ങളുമായി സുപ്രിം കോടതി

മധ്യപ്രദേശിലെ വിമത കോൺഗ്രസ് എം.എൽ.എമാരുടെ രാജിയിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. സ്വന്തം ഇഷ്ടപ്രകാരമാണോ വിമതരുടെ രാജിയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. എന്തുകൊണ്ടാണ് രാജി സ്പീക്കർ സ്വീകരിക്കാത്തതെന്നും കോടതി ആരാഞ്ഞു. വിമതരെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കാമെന്ന് ബിജെപി വ്യക്‌തമാക്കിയെങ്കിലും കോടതി വഴങ്ങിയില്ല. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ഹർജിയിൽ നാളെയും വാദം തുടരും.
മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എം.എൽ.എമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കവേ പലതവണ ബിജെപി, കോൺഗ്രസ് അഭിഭാഷകർ പോരടിച്ചു. വിമത എംഎൽഎമാർ ഇപ്പോൾ എവിടെയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണോ വിമതരുടെ രാജിയെന്ന ആശങ്കയും അദ്ദേഹം മുന്നോട്ടുവച്ചു. വിമതർക്ക് മേൽ സമ്മർദ്ദമില്ലെന്നും ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കാമെന്നും ബിജെപിയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഗവർണറുടെ ജോലി കോടതി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ചന്ദ്രചൂഡ് വ്യക്‌തമാക്കി.
വിമതരെ പിടിച്ചുവച്ചിരിക്കുകയല്ല എന്ന് ഗവർണർക്ക് ബോധ്യപ്പെട്ടതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പറഞ്ഞ സ്പീക്കർ, രാജിക്കത്തുകളുടെ ആധികാരികതയിലും സംശയം പ്രകടിപ്പിച്ചു. ഇതിനിടെ, ബെംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന വിമതരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ്സിംഗ് കർണാടക ഹൈക്കോടതിയെ സമീപിച്ചു.
Story Highlights: Congress MLAs resignation Madhya Pradesh Supreme Court questions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here