കൊവിഡ് 19: ലീഗ് നിർത്തണം എന്നാവശ്യപ്പെട്ട ജോൺ ഒബി മൈക്കലിനെ ക്ലബ് പുറത്താക്കി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലീഗ് നിർത്തണം എന്നാവശ്യപ്പെട്ട മുൻ ചെൽസി താരം ജോൺ ഒബി മൈക്കലിനെ പുറത്താക്കി തുർക്കിഷ് ക്ലബ് ട്രാബ്സോൺസ്പോർ. ലോക വ്യാപകമായി ഫുട്ബോൾ ലീഗുകൾ മാറ്റിവച്ചിട്ടും കളി തുടരാനുള്ള തുർക്കിഷ് ലീഗ് അധികൃതരുടെ നീക്കത്തെ കഴിഞ്ഞ ദിവസം അദ്ദേഹം വിമർശിച്ചിരുന്നു. അതിനെ തുടർന്നാണ് ക്ലബ് അദ്ദേഹത്തെ പുറത്താക്കിയത്.

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മൈക്കൽ തുർക്കിഷ് ലീഗ് അധികൃതരെ വിമർശിച്ച് രംഗത്തെത്തിയത്. ‘ഫുട്ബോളിനപ്പുറമാണ് ജീവിതം. ഇത് ഞാൻ തീരെ ആസ്വദിക്കുന്നില്ല. ഈ സാഹചര്യത്തിൽ എനിക്ക് കളിക്കാനാവില്ല. ഈ അടിയന്തിര സമയത്ത് എല്ലാവരും വീടുകളിൽ, പ്രിയപ്പെട്ടവരോടൊപ്പം കഴിയണം. ലോകം ഇങ്ങനെ ആശങ്കയിൽ നിൽക്കുന്ന സമയത്ത് ലീഗ് റദ്ദാക്കണം’- മൈക്കൽ കുറിച്ചു.

തുർക്കിഷ് ലീഗിൽ തന്നെ കളിക്കുന്ന മുൻ ചെൽസി താരങ്ങളായ ദിദിയർ ദ്രോഗ്ബ, റഡാമൽ ഫാൽക്കാവോ എന്നിവർ ഈ കുറിപ്പിനെ പിന്തുണച്ചിരുന്നു.

തുർക്കിയിൽ ഇതുവരെ 47 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാൾ മരണപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കായിക മത്സരങ്ങൾ കാണികൾ ഇല്ലാതെയാണ് നടത്തുന്നത്.

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8000 പിന്നിട്ടു. 8229 പേരാണ് ഇതുവരെ മരിച്ചത്. 112,517 പേർ രോഗം സ്ഥിരീകരിച്ച് വിവിധയിടങ്ങളിലായി ചികിത്സയിലാണ്. ഇതിൽ 6,434 പേരുടെ നില മോശമാണെന്നാണ് വിവരം. 82,866 പേർ രോഗത്തെ അതിജീവിച്ചു. കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,503 പേരാണ്. 31,503 പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യൻ രാജ്യങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചത്.

Story Highlights: John Mikel Obi leaves Trabzonspor after expressing covid 19 fears

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top