സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും ക്ഷാമം; നിർമ്മാണം ഏറ്റെടുത്ത് സംസ്ഥാനത്തെ കോളജുകൾ

സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ കോളജുകള്‍ രംഗത്ത്. കെമിസ്ട്രി, ഹോം സയന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും നിർമാണം പുരോഗമിക്കുകയാണ് പല കോളജുകളിലും.

കൊവിഡ് 19 ഭീതി ഉയർന്നതോടെ വിപണിയില്‍ വലിയ ക്ഷാമമാണ് സാനിറ്റൈസറുകള്‍ക്കും മാസ്കുകള്‍ക്കും നേരിടുന്നത്. ക്ഷാമം രൂക്ഷമായതോടെ നിലവാരം കുറഞ്ഞവ വിപണിയിലിടം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പല കോളജുകളും കെമിസ്ട്രി വകുപ്പിന്‍റെ നേതൃത്വത്തില്‍ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സാനിറ്റൈസർ നിർമാണം ആരംഭിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജിലും കാര്യവട്ടം ക്യാംപസിലും ഇതിനോടകം സാനിറ്റൈസർ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ കോളജിലെ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വേണ്ടിയാണ് സാനിറ്റൈസർ ഉത്പാദനം. എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ കൂടുതല്‍ സാനിറ്റൈസറുകള്‍ നിർമിച്ച് വിപണിയിലേക്ക് എത്തിക്കാനും കോളജ് അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

പല കോളജുകളും മാസ്ക് നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഹോം സയന്‍സ് ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് വിമന്‍സ് കോളജിലെ മാസ്ക് നിർമാണം. പുനരുപയോഗിക്കാനാവുന്ന മാസ്കുകളാണ് ഇവിടെ നിർമിക്കുന്നത്

മാസ്ക്, സാനിറ്റൈസർ ഉത്പാദനം കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് കോളജുകള്‍.

Story Highlights: State collages manufacture masks and sanitizers

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top