കൊവിഡ് 19: ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം കെയര്‍ സെന്ററുകളില്‍ നിരീക്ഷിക്കും

കൊവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിച്ച ഏഴു രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം കെയര്‍ സെന്ററുകളില്‍ നിരീക്ഷിക്കും. വിമാനത്താവളത്തിനടുത്തുള്ള കെയര്‍ സെന്ററുകളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. യുഎഇ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ നിരീക്ഷിക്കും.
രോഗം വ്യാപകമായി പടര്‍ന്നുപിടിച്ച ചൈന, ഇറ്റലി, ജര്‍മ്മനി, ഇറാന്, കൊറിയ, ഫ്രാന്‍സ്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ കൊറോണ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ഇവരില്‍ രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ റൂമിലാക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കെയര്‍ സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. 14 ദിവസമാണ് ഇവരെ നിരീക്ഷിക്കുന്നത്. ഇവരെ കെയര്‍ സെന്ററിലേക്ക് മാറ്റാനുള്ള നടപടി ഇന്നലെ രാത്രിയോടെ തുടങ്ങി.
യുഎഇയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും കൊറോണ കെയര്‍ സെന്ററുകളിലേക്ക് മാറ്റാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീടിത് ഉപേക്ഷിക്കുകയും ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രം കെയര്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള കെയര്‍ സെന്ററുകളില്‍ 17 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്.
മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തിനുള്ളില്‍ തന്നെ പരിശോധിക്കും. രോഗലക്ഷണമില്ലാത്തവരെ സ്വയം നിരീക്ഷണത്തില്‍ കഴിയാമെന്ന സത്യവാങ്മൂലം എഴുതി വാങ്ങി വീടുകളില്‍ നിരീക്ഷണത്തിലാക്കും. അതേസമയം, കൊവിഡ് 19 തുമായി ബന്ധപ്പെട്ട് പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ കിട്ടിയ 2140 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. നിലവില്‍ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കാല്‍ലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 237 പേര് ആശുപത്രികളില്‍ ആണ്. വൈറസ് ബാധക്കെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതിയും സുപ്രിം കോടതിയും അഭിനന്ദിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഐസൊലേഷനില്‍ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണ്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here