കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു

കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ബിജെപി നേതാവും കടവത്തൂര്‍ കുറുങ്ങാട്ട് സ്വദേശിയുമായ പത്മരാജനെതിരെയാണ് കേസ്. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.  സ്‌കൂളിലെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പത്മരാജന് എതിരെ പാനൂര്‍ പൊലീസാണ് പോക്സോ  നിയമപ്രകാരം കേസെടുത്തത്. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 15 ന് സ്‌കൂളില്‍ വച്ചാണ് പത്തുവയസുകാരിയെ ആദ്യം പീഡിപ്പിച്ചത്.

പിന്നീട് മൂന്നുതവണയും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. സ്‌കൂള്‍ ടോയ്‌ലറ്റില്‍ വച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി എന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലും വ്യക്തമായി.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി മൊഴി നല്‍കിയിട്ടുണ്ട്. ബിജെപി നേതാവും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്മരാജന്‍. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഒളിവില്‍ പോയ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 2011 മുതല്‍ ഇയാള്‍ ഈ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്.

Story Highlights: rape case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top