തിരുവനന്തപുരം ജില്ലയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം: ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവെന്ന് കളക്ടര്‍

സംസ്ഥാനത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ തിരുവനന്തപുരത്ത് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം. നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ 50ല്‍ അധികം പേര്‍ കൂട്ടംചേരാന്‍ പാടുള്ളതല്ല. ഇക്കാര്യം എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പ് വരുത്തണമെന്നും ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടെത്തിയാല്‍ അടിയന്തര സഹായം നല്‍കണം. അതിഥി തൊഴിലാളികളുടെ ആരോഗ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നടപടി കൈക്കൊള്ളണം. വിദേശത്ത് നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്.

Story Highlights: Thiruvananthapuram, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top