നമ്മെ കണ്ണുതുറപ്പിച്ച ഈ ദുരിതം അകന്നുപോകുന്ന സുദിനം അകലെയല്ല; കൊറോണകാലത്ത് ഹൃദയംതൊടുന്ന കുറിപ്പുമായി ജയസൂര്യ

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ ജയസൂര്യയുടെ ശബ്ദ സന്ദേശം വൈറലാകുന്നു. ഭീതിയുടെ രാത്രികള്‍ നമ്മെ വന്നു പുല്‍കിയിരിക്കുന്നുവെന്ന് ജയസൂര്യ പറയുന്നു. അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതമായി ഇരിക്കാന്‍ നമ്മുക്കെവിടെയും ഇടമില്ലാതായിരിക്കുന്നു. പട്ടണങ്ങള്‍, സിനിമാശാലകള്‍ എല്ലാം ഒഴിഞ്ഞിരിക്കുന്നു.വിജനത എവിടെയും തളം കെട്ടുന്നു. മഹാമാരിയായി കൊറോണ നമ്മുടെ മേല്‍ പെയ്്തിറങ്ങിയിരിക്കുന്നുവെന്നും ജയസൂര്യ പറയുന്നു.

ലോകം അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചിരിക്കുന്നു….
സമ്പന്നമെന്ന് ഊറ്റം കൊണ്ട യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് പിടിച്ച് നിര്‍ത്താനാവാതെ സര്‍ക്കാരുകള്‍ ബുദ്ധിമുട്ടുന്നു…..

എല്ലാം ശരിയാണ്…. പൂര്‍ണമായും ശരിയാണ്….

പക്ഷെ…. നിങ്ങള്‍ക്കറിയാമോ കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ട വുഹാനില്‍, മലിനമായ ആകാശം പതിയെ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു, കറുത്ത മാനം നീലയായി തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ കിളികളുടെ ശബ്ദം വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു.
വെനീസിലെ തടാകങ്ങളിലേക്ക് അരയന്നങ്ങളും ഡോള്‍ഫിനുകളും തിരിച്ചുവന്നിരിക്കുന്നു…
നദികള്‍ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.. അന്തരീക്ഷം ശുദ്ധമാവാന്‍ തുടങ്ങിയിരിക്കുന്നു…
ആഗോള താപനം കുറഞ്ഞു തുടങ്ങിയിരിക്കുന്നു…

 

 

യൂറോപ്പില്‍ ആരാധനാലയങ്ങള്‍ ആതുരാലയങ്ങള്‍ ആയിത്തീര്‍ന്നിരിക്കുന്നു.. ആതുരരെ സേവിക്കുന്നതിലുമുപരി ആരാധന ഇല്ലെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു….

മനുഷ്യന്‍ തന്റെ എല്ലാ വേഗതയും കുറച്ചിരിക്കുന്നു…
ആത്മനിഷ്ഠമായ മൗനങ്ങളിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു…

അയല്‍ക്കാരന്റെ സുഖത്തെ സ്വന്തം സുഖമെന്ന് കണ്ടുതുടങ്ങിയിരിക്കുന്നു… ആരോഗ്യ സേവകരെ ഹൃദയം കൊണ്ട് നമസ്‌കരിച്ചു തുടങ്ങിയിരിക്കുന്നു…
നാമെത്ര ചെറുത് എന്ന വലിയ ഉണര്‍വിലേക്ക് ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു…
പ്രാര്‍ത്ഥന തീര്‍ച്ചയായും അര്‍ത്ഥം ഉള്ളതായി തീര്‍ന്നിരിക്കുന്നു..

ഓരോ നിമിഷവും ജാഗ്രത വന്നു നമ്മെ പുല്‍കുന്നു…

അതെ ഒരു പുതിയകാല പിറവിയിലേക്ക് ആണ് നമ്മള്‍ കണ്ണ് തുറക്കാന്‍ പോകുന്നത് …

അതെ..
നമ്മെ കണ്ണുതുറപ്പിച്ച ഈ ദുരിതം അകന്നുപോകുന്ന ആ സുദിനം അകലെയല്ല….

അകലം പാലിച്ച ഏറ്റവും അടുപ്പമുള്ളവരെ അരുമയോടെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കുന്ന ആ കാലം….

പ്രകൃതിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ആ കാലം….

ഹൃദയശുദ്ധിയോടെ നാം പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആ കാലം….

എന്റെ സുഖം അപരന്റെ സുഖമായി മാറണമെന്നുറച്ച് ആഗ്രഹിക്കുന്ന ഒരു പുതുയുഗപ്പിറവി..

ജാഗ്രതയോടെ ധ്യാനപൂര്‍വ്വം നമ്മെ ജീവിക്കാന്‍ പഠിപ്പിക്കുന്ന ആ പുതുയുഗപിറവിയെ… നിറഞ്ഞ നന്ദിയോടെ നമുക്കു സ്വീകരിക്കാന്‍ ഒരുങ്ങാം…

നിങ്ങളുടെ സ്വന്തം
ജയസൂര്യ…

Story Highlights: jayasurya, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top