വിപണി വെന്റിലേറ്ററിലാകുമോ? കൊറോണ കാലത്തെ സാമ്പത്തിക ആശങ്കകൾ

ഒരു ആരോഗ്യ പ്രശ്‌നമെന്ന നിലയിൽ വൈറസിനെ നേരിടാനും നിയന്ത്രണത്തിലാക്കാനും നമുക്കാവും. പക്ഷെ ഈ മഹാമാരി ലോക സമ്പദ് വ്യവസ്ഥക്കും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്കും വരുത്താൻ പോകുന്നത് ദീർഘകാല പാർശ്വഫലങ്ങളാണ്. ഇത് മുൻകൂട്ടി കണ്ട് വിപണി വെന്റിലേറ്ററിലാകാതിരിക്കാനുള്ള നയരൂപീകരണം രോഗ നിയന്ത്രണത്തോടൊപ്പം നടത്തേണ്ടിയിരിക്കുന്നു. വ്യവസായങ്ങളും തൊഴിൽ മേഖലയും നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തിപരമായും സർക്കാർ തലത്തിലും ജാഗ്രത അത്യാവശ്യമാണ്.

കനക്കുന്ന സാമ്പത്തിക മാന്ദ്യം

ഇന്ത്യ കൊറോണ വൈറസ് ബാധയ്ക്ക് മുൻപ് തന്നെ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയായിരുന്നു. അതുകൊണ്ട് കൊവിഡ് പ്രഭാവത്തിൽ സാമ്പത്തികരംഗം കൂടുതൽ ഉലയാനുള്ള സാധ്യതയും കൂടുതലാണ്. തൊഴിൽ രംഗം നോക്കിയാൽ കഴിഞ്ഞ 12 മാസങ്ങളിൽ കനത്ത ഇടിവുണ്ടായതായി മനസിലാക്കാം. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാസം പത്ത് മുതൽ 12 വരെ ദിവസം മാത്രം ജോലി ചെയ്യുന്ന വലിയൊരു വിഭാഗം രാജ്യത്തുണ്ട്. അവർക്ക് തൊഴിൽ നഷ്ടമായേക്കുന്ന അവസ്ഥ സംജാതമാകുമെന്ന് വിദഗ്ധർ പറയുന്നു.

ടൂറിസവും ഹോട്ടൽ മേഖലയും

കൊറോണയിൽ തട്ടി ആദ്യം വീണത് ടൂറിസവും അനുബന്ധ ബിസിനസുകളുമായിരുന്നു. തകർച്ചയെ അതിജീവിക്കാൻ മാസങ്ങളുടെ കഠിന പ്രയത്‌നം വേണ്ടിവരും. കൂട്ട ക്യാൻസലേഷനാണ് കൊറോണ കാലത്ത് എല്ലാ ടൂർ ഓപ്പറേറ്റർമാരും നേരിടുന്നത്. അനുബന്ധ സേവനങ്ങളെല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. റെസ്റ്റോറ്റന്റ് ചെയിൻ ഉടമകളിൽ പലരും ഒന്നൊന്നായി ഔട്ട്‌ലറ്റുകൾ അടച്ചിടുന്നു. കൊറോണ നിയന്ത്രണ വിധേയമായതിന് ശേഷം യാത്ര ചെയ്യാനുള്ള ഭയം മാറിയെങ്കിൽ മാത്രം ജീവൻ വയ്ക്കുന്നവയാണ് ഈ മേഖലകൾ. ധനസഹായവും ഇളവുകളുമില്ലെങ്കിൽ മേഖലയുടെ പുനരുജ്ജീവനം അസാധ്യമാകും. മാറ്റിവച്ചതും റദ്ദാക്കിയതുമായ കായിക മത്സരങ്ങളും മറ്റ് പരിപാടികളുമേൽപ്പിക്കുന്ന ആഘാതം വിനോദ വ്യവസായത്തെയും ബാധിക്കും. സിനിമാ ഷൂട്ടിംഗുകൾ, മറ്റ് ചിത്രീകരണങ്ങൾ എന്നിവയും നിലച്ചിരിക്കുകയാണ്. ലൈറ്റ് ബോയ് മുതലുള്ളവരുടെ ജീവിതമാണ് ഇവിടെ വൈറസ് ബാധിതമായത്.

തൊഴിൽ നഷ്ടവും സാമ്പത്തിക വളർച്ചാ നിരക്കും

രാജ്യാന്തര തൊഴിൽ സംഘടന കണക്കാക്കുന്നത് 2.5 കോടി തൊഴിൽ നഷ്ടമാണ്. 2020ൽ ലോക സമ്പദ് വ്യവസ്ഥക്ക് രണ്ട് ലക്ഷം കോടി ഡോളർ നഷ്ടം വരുത്തിവയ്ക്കാൻ കൊറോണ വൈറസ് നാകുമെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് പറയുന്നു. ഇന്ത്യയുടെ വ്യാപാര നഷ്ടം 34.8 കോടി ഡോളർ ആണെന്ന് സംഘടന കണക്കുകൂട്ടുന്നു. വളർച്ചയുടെ കാര്യമെടുത്താൽ നാഷണൽ സാംപിൾ സർവേ ഓർഗനൈസഷൻ ഉൾപ്പെടെ നിരവധി ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാനിരക്ക് കുറച്ചിരിക്കുകയാണ്. 11 വർഷത്തെ കുറഞ്ഞ നിരക്കായ അഞ്ച് ശതമാനമാണ് എൻഎസ്ഓ കണക്കാക്കുന്നത്. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന ഡിമാൻഡ് കുറവെന്ന പ്രശ്‌നം കൂടുതൽ സങ്കീർണമാകും. ഇന്ത്യയിലെ 75 ശതമാനം വരുന്ന സ്വയംതൊഴിൽ ചെയ്യുന്നവരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാകും കൂടുതൽ പ്രശ്‌നത്തിലാകുകയെന്നും വിലയിരുത്തലുണ്ട്.

വ്യോമയാന കമ്പനികളുൾപ്പെടെ ശമ്പളം വെട്ടിക്കുറക്കലും ജീവനക്കാരെ കുറക്കലും തുടങ്ങിക്കഴിഞ്ഞു. കൂട്ടപ്പിരിച്ചുവിടലിന്റെ കാലമാണ് വിദഗ്ധർ പ്രവചിക്കുന്നത്. നോട്ട് അസാധുവാക്കൽ, ചരക്കുസേവന നികുതി എന്നിവയുടെ ആഘാതത്തിൽപെട്ട ചെറുകിട വ്യവസായങ്ങളും തിരിച്ചടി നേരിടും.

ബാങ്ക് ഇടപാടുകൾ

കിട്ടാക്കടത്തിൽ വലയുന്ന ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും വായ്പ തിരിച്ചടവ് മുടങ്ങുന്നതിന്റെ കൂടുതൽ സങ്കീർണതയിലേക്ക് പോകും. ജനങ്ങളുടെ കൈയിൽ പണമില്ലാത്ത അവസ്ഥ രൂക്ഷമാകുന്നതോടെ കിട്ടാക്കടം വീണ്ടും കൂടാം. മൂലധന പ്രശ്‌നങ്ങൾ നേരിടുന്ന ബാങ്കുകളുടെ സ്ഥിതി കൂടുതൽ വഷളാകും. ആപ്പ് അധിഷ്ഠിത ബിസിനസുകൾ കണക്കാക്കുന്നത് 50% കച്ചവട നഷ്ടമാണ്. കണക്കുകൾ പേടിപ്പിക്കുന്നതാണ്, പക്ഷെ പേടിയല്ല ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ഇവിടെയും ആവശ്യം.

ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾ

# കുടുംബ ബജറ്റിൽ നിന്ന് തുടങ്ങി ശ്രദ്ധ ആവശ്യമാണ്. ഡിമാൻഡ് കുറവിനെ നേരിടാൻ ജനങ്ങളിലേക്ക് പണമെത്തണം. ഇതെങ്ങനെ വേണമെന്ന് ഭരണകർത്താക്കൾക്ക് തീരുമാനിക്കാവുന്നതാണ്.

# രാജ്യത്ത് കുറെ നാളുകളായി നിക്ഷേപക്കുറവ് കാണുന്നുണ്ട്. നിക്ഷേപകരിലെ ഭയമില്ലാതാക്കി മുതൽ മുടക്കിനുള്ള അന്തരീക്ഷമുണ്ടാക്കണം. നികുതിയിളവുകളും മറ്റ് നിക്ഷേപ സാഹചര്യങ്ങളും ഒരുക്കണം.

# രൂപയുടെ മൂല്യം കുറഞ്ഞത് കയറ്റുമതിക്കുള്ള പ്രോത്സാഹനമായി കണ്ട് ആ മേഖലയെ പുനരുജ്ജീവിപ്പിക്കണം. ജനറിക് മരുന്നുത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ രാജ്യത്ത് തന്നെ ലഭ്യമാക്കാൻ വേണ്ടത് ചെയ്യണം.

# സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെലവുകൾ വർധിക്കുന്നത് കൊണ്ട് മാത്രം കാര്യങ്ങൾ മാറില്ല. സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കി കൊണ്ടുള്ള വികസനത്തിന് പ്രാധാന്യം നൽകണം.

കൊവിഡ് 19 ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക തകർച്ചയോ അതിന്റെ ആഴമോ ഇപ്പോൾ വ്യക്തമല്ല. സ്വന്തം വരവ് ചെലവുകൾ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ ഓരോരുത്തർക്കുമാകണം. ഇവിടെയും കരുതലാണ് വേണ്ടത് ഭയമല്ല, വൈറസ് കണ്ണികളെ മുറിച്ച് മാറ്റുന്നതിനൊപ്പം മുറിഞ്ഞുപോയ സാമ്പത്തിക ചങ്ങലക്കണ്ണികളെ കൂട്ടിച്ചേർക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top