Advertisement

കൊവിഡ് 19: സംസ്ഥാനം പൂര്‍ണമായി അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

March 22, 2020
1 minute Read

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടാതെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുകയും വേണം. സംസ്ഥാനം പരിപൂര്‍ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇത്തരത്തിലുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമൂഹ വ്യാപനം മനസിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റിനിര്‍ത്തിക്കൊണ്ട് പകര്‍ച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാന്‍ നിലവില്‍ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയോട് ഈക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും, തിയറ്റര്‍ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകളും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ള ഡോക്ടര്‍മാരോട് കഴിവതും രോഗം പകരാന്‍ സാധ്യതയുള്ള ഉള്ള രംഗങ്ങളില്‍ നിന്നും മാറി നില്‍ക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് ആവശ്യമുള്ള മാസ്‌കുകളും, മറ്റു സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് ദൗര്‍ലഭ്യം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു.

Story Highlights: Indian medical association, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top