മുന്നോട്ട് പോകാന്‍ കരുത്ത് തരുന്നത് നിങ്ങളുടെ പിന്തുണയാണ്; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

അപ്രതീക്ഷിതമായിയെത്തിയ കൊവിഡ് 19 ഭീതിയില്‍ ലോകം സ്തംഭിച്ച് നില്‍ക്കുമ്പോള്‍, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാന്‍ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് പണിയെടുക്കുന്നവരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനായി ഈ പോരാട്ടത്തിന് മുന്‍പിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ആന്‍ഡ് തിയറ്റര്‍ ടെക്‌നീഷ്യന്‍സ്, അറ്റന്‍ഡര്‍സ്, ക്ലീനിംഗ് സ്റ്റാഫ്‌സ്, ഫാര്‍മസിസ്റ്റുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കൗണ്‍സിലര്‍സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ്, ആശാ വര്‍ക്കേര്‍സ് തുടങ്ങിയവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തരാക്കിയത്. സംസ്ഥാനത്തെ പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങിയ സേനാംഗങ്ങളും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ ഈ പോരാട്ടത്തിന്റെ മുന്നിലുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ , ജയില്‍ അന്തേവാസികള്‍ തുടങ്ങി വലിയൊരു കൂട്ടവും പിന്തുണയുമായുണ്ട്.

കൊവിഡ് 19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മുന്നോട്ടു പോകാന്‍ കരുത്തേകുന്നത് ഈ പിന്തുണയാണ്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ നമുക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഊര്‍ജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം. എല്ലാവരേയും കേരളത്തിനു വേണ്ടി അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, Covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top