കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗി ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു

കൊവിഡ് 19 ബാധിതനായി ഏഴ് ദിവസം കറങ്ങി നടന്ന കാസര്‍ഗോഡ് സ്വദേശി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു. വിഐപി പരിഗണന നല്‍കി ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരെ വെല്ലുവിളിച്ചാണ് ഇയാള്‍ കഴിയുന്നത്. ജീവനക്കാര്‍ പറയുന്നതൊന്നും അനുസരിക്കാന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല.
ആദ്യ ദിവസങ്ങളില്‍ തന്നെ ഇയാള്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ജനാലയുള്ള മുറി വേണമെന്ന് പറഞ്ഞായിരുന്നു ആദ്യ ദിവസത്തെ ഇയാളുടെ ബഹളം. രോഗബാധിതന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അത് ആക്ഷേപമുണ്ടാക്കുമെന്ന് കരുതിയ ആരോഗ്യവകുപ്പ് അധികൃതര്‍ ജനാലയുള്ള, വലിയ മുറി ഇയാള്‍ക്ക് നല്‍കി. ഈ മുറി നല്‍കിയിട്ടും ഇയാള്‍ ധിക്കാരം തുടരുകയാണ്.
ജനാല തുറന്നിട്ട് അതിലൂടെ പുറത്തേക്ക് തുപ്പിക്കൊണ്ടിരിക്കുകയാണ് എന്ന് ജീവനക്കാര്‍ പറയുന്നു. റൂട്ട് മാപ്പ് സഹകരിക്കാന്‍ തയാറാകാതിരുന്നതു പോലെ ചികിത്സയ്ക്കും ഇയാള്‍ സഹരിക്കുന്നില്ലെന്നാണ് പരാതി. വിഐപിക്കെതിരെ ആരും കേസെടുക്കാന്‍ തയാറാവില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഇയാളുടെ സുഹൃത്തും ധിക്കാരത്തോടെയാണ് പെരുമാറുന്നത്.
ദുബായില്‍ നിന്നെത്തിയ ഇയാളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതിനു ശേഷം പുറത്തിറങ്ങാന്‍ പാടില്ലെന്നും കര്‍ശനമായ നിരീക്ഷണം വേണമെന്നും നിര്‍ദേശം നല്‍കിയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ തിരികെ അയച്ചത്. എന്നാല്‍ നിര്‍ദേശങ്ങള്‍ വകവയ്ക്കാതിരുന്ന ഇയാള്‍ നാട്ടിലാകെ ചുറ്റിക്കറങ്ങി. എട്ട് ദിവസം ഇയാള്‍ സ്ഥിരമായി ബന്ധുവീടുകളില്‍ പോയിരുന്നു.
അവിടെ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പരിശോധനക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കൊണ്ട് ആശുപത്രിയില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇവരില്‍ പലരെയും കാസര്‍ഗോഡ് ഗവ. ഹൈസ്‌കൂളിലെ പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി പാര്‍പ്പിച്ചു. അതേസമയം, ഇയാളുടേത് ധിക്കാരപരമായ സമീപനമാണെന്നും കര്‍ശന നടപടി വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here