മുംബൈയിൽ കുടുങ്ങി മലയാളി ഡ്രൈവർമാർ; പൊലീസ് കേരളാ വാഹനങ്ങൾ മാത്രം കടത്തി വിടുന്നില്ലെന്ന് പരാതി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച മുംബൈയിൽ കുടുങ്ങി മലയാളി ഡ്രൈവർമാർ. എറണാകുളം മൂവാറ്റുപുഴയിൽ നിന്ന് പൈനാപ്പിളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട 30 അംഗ മലയാളി ലോറി ഡ്രൈവർമാരുടെ സംഘമാണ് മുംബൈയിലെ ബിവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നത്. സാധനങ്ങൾ ഇറക്കിയ ശേഷം തിരികെ വരുന്നതിനിടെയാണ് ഇവരെ പൊലീസ് തടഞ്ഞത്.
കൂട്ടത്തിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇവരുടെ അവസ്ഥ പുറം ലോകം അറിഞ്ഞത്. പ്രായമായവരും പലവിധ അസുഖങ്ങൾ ഉള്ളവരും കൂട്ടത്തിലുണ്ടെന്ന് വീഡീയോയിൽ പറയുന്നു. 30 ആളുകളും 11 ലോറികളുമാണ് ഉള്ളത്. രണ്ട് വാഹനങ്ങളിലാണ് ലോഡുള്ളതെന്നും വീഡിയോയിൽ പറയുന്നു.
ലോഡിറക്കി തിരികെ വരവെ പൊലീസ് തടയുകയായിരുന്നു എന്ന് ഇവർ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. ഇറങ്ങിയപ്പോൾ പ്രായമായ ഡ്രൈവർമാരെ തല്ലി. ലാത്തി കൊണ്ട് മർദ്ദിക്കുകയും വാഹനത്തിൻ്റെ ചില്ലുകൾ ഇവർ തകർക്കുകയും ചെയ്തു. 144 പ്രഖ്യാപിച്ചതു കൊണ്ട് വാഹനം ഓടിക്കാൻ അനുവാദമില്ലെന്നാണ് പൊലീസുകാർ പറഞ്ഞത്. പൊലീസ് കേരളാ വാഹനങ്ങൾ മാത്രം കടത്തി വിടുന്നില്ല. തിരികെ പോകാനാണ് പൊലീസുകാർ പറയുന്നത്. നാട്ടുകാർ തന്നെ ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞു. ഇവിടെ സുരക്ഷിതമല്ലെന്നും ഗ്രാമത്തിൽ വൈറസ് പകർന്നിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു എന്നും അവർ ട്വൻ്റിഫോറിനോട് വിശദീകരിച്ചു.
Story Highlights: Malayali drivers trapped in mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here