ലോക്ക്ഡൗൺ: സംസ്ഥാനത്ത് നിസ്സഹകരണം ഉണ്ടായെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനോട് നിസ്സഹകരണം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയെന്നും അത് തുടർന്നാൽ നടപടി കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ യാത്രാവാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സികളും ഓട്ടോറിക്ഷകളും അടിയന്തിര വൈദ്യ സഹായത്തിനും അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങാൻ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ ഒരു മുതിർന്നയാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മതപരമായതും സാമൂഹ്യവുമായ ഒത്തു ചേരലുകളിൽ അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഉണ്ടാവാൻ പാടില്ല.
കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവർത്തിക്കും. കാസർഗോഡ് ജില്ലയിൽ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
സ്വകാര്യ വാഹനങ്ങളിൽ ആളുകൾ കൂടുതൽ പുറത്തിറങ്ങുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാനാണ് അനുമതി. ദുരുപയോഗം ചെയ്യാൻ പാടില്ല. ആൾക്കൂട്ടം അനുവദിക്കില്ല. പൊലീസ് നടപടി കൂടുതൽ ശക്തമായി ഉണ്ടാവും. കാസർഗോഡ് പ്രത്യേക സംഘമാണ് കാര്യങ്ങൾ ശ്രദ്ധിക്കുന്നത്.
കടകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. കൈകൾ കഴുകാനുള്ള സൗകര്യം ഒരുക്കണം. ആളുകൾ തമ്മിൽ അകലം പാലിക്കണം. സഹചര്യം മുതലെടുത്ത് ഭക്ഷ്യവസ്തുക്കൾക്ക് വില കൂട്ടുകയോ പൂഴ്ത്തിവെക്കുകയോ ചെയ്താൽ കർശന നടപടി എടുക്കും. ജോലികക്ക് പോകുന്നവർക്ക് പാസ് സൗകര്യം ഏർപ്പെടുത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Story Highlights: pinarayi vijayan about lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here