കൊറോണ വൈറസ്; 4.3 ബില്യൺ ദിനാറിന്റെ സാമ്പത്തിക പാക്കേജുമായി ബഹ്‌റൈൻ

കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പക്കേജുമായി ബഹ്‌റൈൻ. രാജ്യത്തെ പൗരന്മാരെയും സ്വകാര്യ മേഖലയും സംരക്ഷിക്കുന്നതിനായി 4.3 ബില്യൺ ദിനാറിന്റെ സാമ്പത്തിക പാക്കേജ് ബഹ്‌റൈൻ ഭരണാധികാരികൾ പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
Read Also: കൊറോണ ഭീതി; പതിനാല് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി
കൊറോണ വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നുണ്ട്. ഈ നടപടിയിൽ സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ഭരണകൂടം വ്യക്തമാക്കി. രോഗബാധ പൂർണമായും തുടച്ചുനീക്കാനുള്ള കരുതലിലാണ് രാജ്യം എന്ന് കാബിനറ്റ് വിലയിരുത്തി. അടുത്ത മൂന്ന് മാസങ്ങളിൽ ജല, വൈദ്യുതി, മുനിസിപ്പൽ ഫീസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നൽകി. ഇതനുസരിച്ച് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പ്രവാസികൾ അടക്കമുള്ള എല്ലാവരുടെയും ബില്ലുകൾ സർക്കാർ അടക്കും.
പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേർന്നാൽ ആയിരം ദിനാർ മുതൽ 10,000 ദിനാർ വരെ പിഴയും മൂന്ന് മാസത്തിൽ കുറയാതെ ഉള്ള തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്നന്റ് ജനറൽ താരിഖ് അൽ ഹസൻ വ്യക്തമാക്കി. ഇതിന്റെ ഗൗരവം പൊതുജനങ്ങളെ ധരിപ്പിക്കുവാനും ബോധവാന്മാരാക്കുവാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്യൂണിറ്റി പൊലീസ് രംഗത്തുണ്ട്. വിവിധ ഭാഷകളിൽ അച്ചടിച്ചിട്ടുള്ള ലഘുലേഖകളും ഇവർ വിതരണം ചെയ്യുന്നു. സർക്കാർ ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്, കൂടാതെ കൊവിഡ് 19 രോഗം വ്യാപിക്കാതിരിക്കാനുള്ളനടപടികളുടെ ഭാഗമാണിതെന്നും നിയമലംഘകർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
coronavirus, economic package, bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here