Advertisement

സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: മുഖ്യമന്ത്രി

March 25, 2020
Google News 1 minute Read

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

76542 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. എട്ട്‌പേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കിട്ടിയത്. 12 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here