നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു

നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ഏപ്രിൽ 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചടങ്ങുകൾ ലളിതമാക്കാനാണ് തീരുമാനം.
ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് മണികണ്ഠനും അഞ്ജലിയും ഒന്നാകുന്നത്. വിവാഹത്തിനുള്ള തീയതി മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ക്ഷണം തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് കൊറോണ മഹാമാരിയായി പടർന്നുപിടിച്ചത്. തുടർന്ന് വിവാഹം ലളിതമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. നിർണായകമായ ഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്നും സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മണികണ്ഠൻ പറഞ്ഞു.
2016 ല്‍ റിലീസ് ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് മണികണ്ഠന്‍ ആചാരി. മണികണ്ഠൻ അവതരിപ്പിച്ച ബാലൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് നായകനായും വില്ലനായിട്ടുമൊക്കെ നിരവധി വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here