കൊവിഡ് 19: പാതിശമ്പളം പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ. തങ്ങളുടെ മാസ ശമ്പളത്തിൻ്റെ പാതി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകാമെന്നറിയിച്ച് 27 താരങ്ങളാണ് മുന്നോട്ടുവന്നിരിക്കുന്നത്. മുപ്പത് ലക്ഷത്തി പതിനയ്യായിരം ബംഗ്ലാദേശി ടാക്കയാണ് താരങ്ങളെല്ലാവരും കൂടി കൊറോണ ബാധിതരെ സഹായിക്കാൻ നൽകുക.
ധാക്ക ട്രൈബൂണിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വന്നത്. സഹായഹസ്തവുമായി മുന്നോട്ടുവന്നവരിൽ 17 താരങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാറിൽ ഉൾപ്പെട്ടവരാണ്. ബാക്കിയുള്ള 10 താരങ്ങൾ അടുത്തിടെ ദേശീയ ടീമിൽ അരങ്ങേറിയ താരങ്ങളാണ്. 27 താരങ്ങൾ ചേർന്ന് നൽകാം എന്നറിയിച്ച മുപ്പത് ലക്ഷത്തി പതിനയ്യായിരം ബംഗ്ലാദേശി ടാക്ക ടാക്സ് ഉൾപ്പെടെയുള്ള തുകയാണ്. വാറ്റ് (വാല്യു ആഡഡ് ടാക്സ്) കഴിഞ്ഞ് 26 ലക്ഷം ടാക്ക രോഗബാധിതരിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.
ഓപ്പണർ തമീം ഇക്ബാലാണ് ഏറ്റവുമധികം തുക നൽകിയിരിക്കുന്നത്. മൂന്ന് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയാണ് തമീം നൽകുക. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം മൂന്ന് ലക്ഷത്തിപതിനായിരം ടാക്കയും, ലിറ്റൺദാസ്, മഹ്മുദുള്ള, മുസ്താഫിസുർ റഹ്മാൻ, മഷറഫെ മൊർത്താസ എന്നിവർ ഒരു ലക്ഷം ടാക്കയും നൽകുമെന്നാണ് റിപ്പോർട്ട്.
39 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Story Highlights: Bangladesh Cricketers Donate Half-Month Salary To Government Relief Fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here