കടുത്ത നിയന്ത്രണവുമായി പൊലീസ്; നിരത്തിലിറങ്ങിയ വാഹനങ്ങൾ കൈയോടെ പൊക്കി

ലോക്ഡൗണിന്റെ മൂന്നാം ദിവസവും നിയന്ത്രണങ്ങൾ വകവെക്കാതെ ജനങ്ങൾ. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പൊലീസ് നിലപാട് കടുപ്പിച്ചതോടെ ജനങ്ങളും സഹകരിക്കാൻ തുടങ്ങി. നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നും നിരവധി പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മാന്യതയുടെയും മര്യാദയുടെയും ഭാഷയിൽ, അപേക്ഷയുടെയും അഭ്യർത്ഥനയുടെയും സ്വരത്തിലാണ് പൊലീസ് ആളുകളോട് കാര്യങ്ങൾ അവതരിപ്പിച്ചത്. എന്നാൽ, വക വച്ച് നൽകിയ ഇളവുകളുടെ പേരിൽ അനുസരക്കേട് തുടർക്കഥയാക്കിയവർക്ക് നേരെ ഇന്ന് പൊലീസ് കണ്ണുരുട്ടി. ദയാദാക്ഷിണ്യമില്ലാതെ പൊലീസ് രംഗത്തിറങ്ങിയതോടെ, ഒരു കാരണവുമില്ലാതെ നാടുചുറ്റി ലോക് ഡൗൺ കാണാനിറങ്ങിയവർ ശരിക്കും ലോക്കായി.

പല വാഹനങ്ങളെയും പൊലീസ് മടക്കി അയച്ചു. ഇങ്ങനെ പറഞ്ഞുവിട്ട പലരും വീണ്ടും നിരത്തിലിറങ്ങിയതോടെ വാഹനങ്ങൾ പൊലീസ് കൈയോടെ പൊക്കി. നിലപാട് കടുപ്പിച്ചതോടെ ആളുകൾ നിയന്ത്രണങ്ങളുമായി സഹകരിക്കാൻ നിർബന്ധിതരായി. ആദ്യ മണിക്കൂറുകളിൽ നിരവധി വാഹനങ്ങൾ റോഡിലിറങ്ങിയെങ്കിലും മണിക്കൂറുകൾ കൊണ്ട് നിരത്തുകൾ കാലിയായി. ഇനിയും നിയന്ത്രണം ലംഘിച്ച് പുറത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്നോർക്കുക, നിങ്ങളുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്താൽ ഏപ്രിൽ 14 കഴിഞ്ഞു മാത്രമേ വിട്ടുനൽകൂ. രണ്ട് തവണ നിയന്ത്രണം ലംഘിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കും. സംസ്ഥാനത്തുടനീളം നൂറിലധികമാളുകൾക്ക് നേരെ പൊലീസ് ഇന്നും കേസെടുത്തു. കർശന നടപടി വരുംദിവസങ്ങളിലും തുടരാൻ തന്നെയാണ് പൊലീസ് തീരുമാനം.

 

coronavirus, kerala police, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top