നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി തമിഴ്നാട് സ്വദേശികൾ കണ്ണൂർ കലക്ടറേറ്റിൽ; അവശ്യ സാധനങ്ങൾ ലഭിക്കുമെന്ന് ഉറപ്പ് നൽകി തിരികെ അയച്ചു

നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി നൂറോളം തമിഴ്നാട് സ്വദേശികൾ കണ്ണൂർ കലക്ടറേറ്റിലെത്തി. തൊഴിലാളികളെ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കണ്ണൂരിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചു. ഭക്ഷണവും മറ്റും കൃത്യമായി കിട്ടുമെന്ന് ഉറപ്പ് നൽകിയതോടെയാണ് തൊഴിലാളികൾ നാട്ടിലേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ചത്.
കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് കണ്ണൂർ ജില്ലാ കലക്ടറേറ്റിലെത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ ഇല്ലാതായി, വരുമാനവും. തമിഴ്നാട്ടിലെ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് കലക്ടറേറ്റിലെത്തിയത്. കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും പൊലീസുമെത്തി ഇവരെ പിന്തിരിപ്പിച്ചു. താമസസ്ഥലങ്ങളിൽ മൂന്ന് നേരവും ഭക്ഷണമെത്തിക്കുമെന്നും ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ കെട്ടിട വാടക ഈടാക്കില്ലെന്നും ഉറപ്പ് ലഭിച്ചതോടെയാണ് തൊഴിലാളികൾ പിന്തിരിഞ്ഞത്.
തുടർന്ന് പൊലീസ് വാഹനങ്ങളിൽ ഇവരെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ലോറികളിലും മറ്റുമായി കണ്ണൂരിൽ നിന്ന് തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. കോഴിക്കോട് വെച്ച് പൊലീസ് ഇതു തടഞ്ഞു. ഒരു സംഘമാളുകൾ ഇത്തരത്തിൽ തമിഴ്നാട്ടിൽ എത്തിയതായും സൂചനയുണ്ട്. ഇതോടെയാണ് കൂടുതൽ പേർ നാട്ടിലേക്ക് പോകാൻ ശ്രമം തുടങ്ങിയത്.
അതേ സമയം ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടിയ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളെ പെരുമ്പാവൂരിലെ സ്കൂളുകളിലും കോളേജുകളിലേക്കും മാറ്റുമെന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലാ കളക്ടറോട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തിനായി കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനം ഏര്‍പ്പാടാക്കും.
Story Highlights: Tamil Nadu natives in Kannur collectorate demand to go to native place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here