3 വർഷങ്ങൾക്ക് ശേഷം അയാക്സ് ഫുട്ബോൾ താരം കോമയിൽ നിന്നുണർന്നു

32 മാസം നീണ്ട കോമക്ക് ശേഷം അയാക്സിൻ്റെ ഡച്ച് താരം അബ്ദുൽ ഹഖ് നൗറി കോമയിൽ നിന്ന് ഉണർന്നു. താരത്തിൻ്റെ സഹോദരൻ അബ്ദുര്‍ റഹീം നൗറിയാണ് ഏതാണ്ട് 3 വർഷത്തിനു ശേഷം അബ്ദുൽ ഹഖ് കോമയിൽ നിന്ന് ഉണർന്ന വാർത്ത പങ്കുവച്ചത്. 22 കാരനായ താരം ഇപ്പോൾ പുരികം കൊണ്ട് പ്രതികരിക്കാറുണ്ടെന്നും സഹോദരൻ പറഞ്ഞു. ഒരു ഡച്ച് ടിവി ഷോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
2017 ജൂലൈയില്‍ അയാക്‌സ്-വെര്‍ഡര്‍ ബ്രെമന്‍ പ്രദര്‍ശന മത്സരത്തിനിടെ തലക്ക് ഗുരുതര പരിക്കേറ്റാണ് അബ്ദെൽഹക് കോമയിലായത്. കഴിഞ്ഞ വർഷം കോമയിൽ നിന്നുണർന്ന താരം ഇപ്പോൾ മാതാപിതാക്കളുടെ പരിചരണത്തിൽ കഴിയുകയാണെന്നും അബ്ദുർ റഹീം ടിവി ഷോയിൽ വെളിപ്പെടുത്തി.
2015 ല്‍ യൊഹാന്‍ക്രൈഫ് അരീന അക്കാദമിയില്‍ നിന്നാണ് അബ്ദുൽ ഹഖ് അയാക്‌സിന്റെ സീനിയര്‍ സ്‌ക്വാഡിന്റെ ഭാഗമായത്. മികച്ച മിഡ്ഫീൽഡ് താരമായിരുന്ന അബ്ദുൽ ഹഖ് ഒമ്പത് തവണ സീനിയര്‍ ടീമിനായി കളിച്ചു. 2017-18 സീസണില്‍ അയാക്സിൻ്റെ സുപ്രധാന താരങ്ങളിൽ ഒരാൾ ആവേണ്ട താരമായിരുന്നു അദ്ദേഹം. എന്നാൽ പ്രീസീസൺ പര്യടനത്തിൽ തലക്കേറ്റ പരുക്ക് താരത്തിൻ്റെ കരിയർ തന്നെ തുലാസിലാക്കി. ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ താരത്തിന്റെ ഹൃദയപ്രവര്‍ത്തനങ്ങൾ ഭാഗികമായി നിലച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ചതോടെ കോമയിലായി.
“ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ അവനിൽ വലിയ മാറ്റം കാണുന്നുണ്ട്. അവന് വേണ്ടി അവൻ്റെ സൗകര്യങ്ങൾ പരിഗണിച്ച് ഞങ്ങള്‍ പുതിയ വീട് പണിതു. കിടക്കയിലാണ് അവൻ്റെ ജീവിതം. അവനൊപ്പമിരുന്ന് ഞങ്ങള്‍ പഴയ കാര്യങ്ങള്‍ സംസാരിക്കും. ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യും. എല്ലാം അവന്‍ തിരിച്ചറിയുന്നുണ്ട്. ചിലപ്പോള്‍ അവൻ പുരികം കൊണ്ട് പ്രതികരിക്കാന്‍ ശ്രമിക്കാറുണ്ട്.”- അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
അബ്ദുൽ ഹഖിൻ്റെ ചികിത്സാചെലവ് അയാക്സ് ഏറ്റെടുത്തിരുന്നു.
Story Highlights: Ajax footballer Abdelhak Nouri awakes from coma after 32 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here