കൊവിഡ് പ്രതിരോധത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വിട്ടുനൽകും

കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള രോഗ നിരീക്ഷണ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളജുകളും സ്‌കൂളുകളും വിട്ടുകൊടുക്കാൻ തീരുമാനം. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. കമ്യൂണിറ്റി കിച്ചണുകൾ നടത്തുന്നതിലേക്കായി ദേവസ്വം ബോർഡിന്റെ വക ക്ഷേത്രങ്ങളിലെ സദ്യാലയങ്ങളും അന്നദാന മണ്ഡപങ്ങളും നൽകാനും തീരുമാനം. ജില്ലാ ഭരണകൂടമോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നതിനനുസരിച്ച് ബന്ധപ്പെട്ടവ വിട്ടുനൽകണം. ഇക്കാര്യം സംബന്ധിച്ച നിർദേശം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു പറഞ്ഞു.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും നടതുറപ്പ്,നട അടക്കൽ സമയവും പുനഃക്രമീകരിച്ചു. ക്ഷേത്രങ്ങൾ രാവിലെ ആറ് മണിക്ക് തുറന്ന് ഒൻപത് മണിക്ക് അടയ്ക്കും. വൈകുന്നേരം നട തുറക്കുന്നത് ആറ് മണിക്ക് ആയിരിക്കും. വൈകിട്ട് ഏഴ് മണിക്ക് നട അടയ്ക്കും.

കൊറോണ കെയർ സെന്ററുകൾ വിവിധ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 73 കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയതായും ഇതിൽ എട്ട് എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായും ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കെയർ സെന്ററുകൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇക്കാര്യത്തോട് അനുബന്ധമായ ഉത്തരവ് ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. കമ്മ്യൂണിറ്റി കിച്ചണുകളും സംസ്ഥാനമൊട്ടാകെ തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top