ലോക്ക്‌ഡൗണിൽ മാതാപിതാക്കൾക്ക് ദിവസവേതനം നഷ്ടമായി; വിശപ്പ് മാറ്റാൻ പുല്ല് തിന്ന് വാരണാസിയിലെ കുട്ടികൾ

വിശപ്പ് മാറ്റാൻ പുല്ല് തിന്ന് വരണാസിയിലെ കുട്ടികൾ. വാരണാസി ജില്ലയിലെ ബഡാഗാവ് ബ്ലോക്കിലെ കൊയ്രിപുർ ഗ്രാമത്തിലായിരുന്നു സംഭവം. ജനത കർഫ്യൂവും തുടർന്നുണ്ടായ ലോക്ക്‌ഡൗണും കാരണം മാതാപിതാക്കൾക്ക് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് പട്ടിണി അകറ്റാൻ കുട്ടികൾ പുല്ല് തിന്നത്. കുട്ടികൾ പുല്ല് തിന്നുന്നതിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇവർക്ക് സഹായം എത്തുകയും ചെയ്തു.
മുസാഹർ സമുദായക്കാർ തിങ്ങിപ്പാർക്കുന്ന മുസാഹർ ബസ്തിയിലെ ആറ് കുട്ടികളാണ് കഠിനമായ വിശപ്പ് മൂലം ‘അക്രി’ എന്നറിയപ്പെടുന്ന പുല്ല് കഴിച്ചത്. കന്നുകാലികൾക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന പുല്ല് കുട്ടികൾ കഴിക്കുകയായിരുന്നു. അഞ്ച് വയസ്സ് പ്രായമായ കുട്ടികൾ, കന്നുകാലികൾക്ക് വൈക്കോലിനൊപ്പം നൽകുന്ന ‘ഫലിയാൻ’ എന്ന കുരു ഭക്ഷിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അഞ്ച് ദിവസമായി ഇവർ പട്ടിണിയിലായിരുന്നു എന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ ദിവസം ഇവർ വീടിനടുത്തുള്ള ഫാമിലെ ഉരുളക്കിഴങ്ങ് പെറുക്കിത്തിന്നു. അത് തീർന്നതോടെ രണ്ട് ദിവസം പട്ടിണിയിലായി. നാലാം ദിവസം ഇവർ വെള്ളവും ഉപ്പും ചേർത്ത് പുല്ല് തിന്നുകയായിരുന്നു. സംഭവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബഡാഗാവ് പൊലീസ് സ്റ്റേഷൻ ഓഫിസർ സഞ്ജയ് കുമാർ സിംഗ് ഇവർക്ക് ഭക്ഷണമെത്തിച്ചു നൽകി. വാരണാസി ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെ തുടർന്ന് 15 കിലോ ഭക്ഷ്യവസ്തുക്കൾ വീതം ഇവിടുത്തെ 10 കുടുംബങ്ങളിൽ എത്തിച്ചു. മുൻ എംഎൽഎ അജയ് റായിയും ഇവരെ സഹായിച്ചു.
അതേ സമയം, ജോലി നഷ്ടപ്പെട്ടതോടെ പട്ടിണിയിലാണെന്ന് അറിയിച്ചിട്ടും ഗ്രാമ പ്രധാൻ ശിവരാജ് യാദവ് സഹായിച്ചില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. കൂടുതൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
വാർത്ത പുറത്തു വന്നതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചിരുന്നു. ഈ പുല്ല് ഭക്ഷ്യയോഗ്യമായതാണെന്നും ഗോതമ്പു പാടത്ത് സാധാരണയായി ഉണ്ടാകുന്നതാണെന്നും അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിട്ടുണ്ട്.
Story Highlights: Hungry Kids Seen Eating Grass in varanasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here