‘കാൽമുട്ടിന് അസുഖമുണ്ടെന്ന് പറഞ്ഞിട്ടും ഏത്തമീടിച്ചു, ലാത്തികൊണ്ട് അടിച്ചു’; യതീഷ് ചന്ദ്രയുടെ ശിക്ഷയ്ക്കിരയായ അഴീക്കൽ സ്വദേശി

കമ്മ്യൂണിറ്റി കിച്ചൺ കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചതെന്ന് ശിക്ഷയ്ക്കിരയായ അഴീക്കൽ സ്വദേശി സുജിത്ത് ട്വന്റിഫോറിനോട്. സാമൂഹിക പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. കാൽമുട്ടിന് അസുഖമുണ്ടെന്ന് പറഞ്ഞെങ്കിലും ഏത്തമിടീപ്പിക്കുകയായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.
പരിപാടി കഴിഞ്ഞ് അഴീക്കൽ എത്തിയപ്പോൾ എസ്പിയുടെ വാഹനം വന്നു നിന്നു. ഈ സമയം മറ്റൊരാളും അവിടെയുണ്ടായിരുന്നു. തന്റെയും ഒപ്പമുണ്ടായിരുന്ന ആളുടേയും പേര് ചോദിച്ചു. ലോക്ക് ഡൗൺ ആണെന്ന് അറിയില്ലേ എന്ന് ചോദിച്ചു. ഏത്തമിടണമെന്ന് പറഞ്ഞപ്പോൾ മുട്ടിന് സുഖമില്ലെന്ന് പറഞ്ഞു. എസ് പി അത് വകവച്ചില്ല. ഏത്തമിടാൻ ആവശ്യപ്പെടുകയായിരുന്നു. അഞ്ചാറ് തവണ ഏത്തമിട്ടു. ഇത് കഴിഞ്ഞ് നടന്നു നീങ്ങിയപ്പോൾ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് മർദിച്ചുവെന്നും സുജിത്ത് കൂട്ടിച്ചേർത്തു.
കണ്ണൂർ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം.
സംഭവത്തിൽ യതീഷ് ചന്ദ്രയുടെ നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നേടി. ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. എസ് പി യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്നും ഡിജിപി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here