സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘകരെ കണ്ടെത്താൻ ഇന്ന് മുതൽ ഡ്രോണുകളും

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘകരെ കണ്ടെത്താൻ പൊലീസ് ഇന്ന് മുതൽ ഡ്രോണുകൾ ഉപയോഗിക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ആയിരിക്കും ഇന്ന് മുതൽ വാഹന പരിശോധന ഉൾപ്പെടെയുള്ള പൊലീസ് നടപടികൾ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കയ്യുറകൾ നിർബന്ധമാക്കിയിട്ടുണ്ട് . ഐഡൻറിറ്റി കാർഡ്, സത്യവാങ്മൂലം എന്നിവ കയ്യിൽ വാങ്ങി പരിശോധിക്കാൻ പാടില്ല.
ആവശ്യമെങ്കിൽ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനും ഡിജിപി നിർദേശം നൽകി.
ലോക്ഡൗണിന്റെ നാലാം ദിവസം സംസ്ഥാനത്താകെ 1381 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.1383 പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.
അതേസമയം പൊലീസ് സ്റ്റേഷനുകളുടെ സേവനം അഭ്യർഥിക്കാൻ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തി. സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം.പരാതികൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷകൾ എന്നിവ ഇമെയിൽ, വാട്‌സാപ്പ്, ഫോൺ തുടങ്ങിയവ മുഖേന നൽകാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളിൽ രസീത് നൽകി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികൾ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും. പൊലീസ് സ്റ്റേഷനുകളിലെ ഇമെയിൽ വിലാസം, വാട്‌സ്ആപ്പ് നമ്പർ, ഫോൺ നമ്പർ എന്നിവയ്ക്ക് പരമാവധി പ്രചാരണം നൽകാൻ ഡി.ജി.പി നിർദ്ദേശം നൽകി.
Story highlights- coronavirus, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here