‘മുറിയിൽ ഒറ്റയ്ക്കാണ്, സഹായത്തിന് ആരുമില്ല’; ബംഗളൂരുവിൽ ഒറ്റപ്പെട്ട് മലയാളി ഉദ്യോഗസ്ഥൻ

ബംഗളൂരുവിൽ ഒറ്റപ്പെട്ട് മലയാളിയായ ഉദ്യോഗസ്ഥൻ. നിലമ്പൂർ എടക്കര സ്വദേശിയായ ജോമോൻ മാത്യുവാണ് താൻ നേരിടുന്ന ദുരനുഭവം ട്വന്റിഫോറുമായി പങ്കുവച്ചത്. ഇടുപ്പിൽ ഒരു ശസ്ത്രക്രിയയ്ക്ക് തയ്യാറായി ഇരിക്കുന്ന ഇദ്ദേഹം സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്. നാട്ടിലേയ്ക്ക് മടങ്ങാൻ ബന്ധപ്പെട്ടവർ സഹായിക്കണമെന്നാണ് ജോമോൻ മാത്യുവിന്റെ ആവശ്യം.
ബംഗളൂരുവിലെ ത്യാഗരാജ നഗറിലെ ഒരു ഓഫീസിൽ ഡ്രാഫ്റ്റ് മാനേജറായി ജോലി നോക്കുകയാണ് ജോമോൻ മാത്യു. ഓഫീസ് പ്രവർത്തനം കഴിഞ്ഞ ആഴ്ച നിർത്തി. നിലവിൽ ഓഫീസ് മുറിയിലാണ് താമസം. ഒറ്റയ്ക്ക് പുറത്തുപോകാൻ സാധിക്കില്ലെന്നും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ജോമോൻ മാത്യു പറഞ്ഞു.
കടുത്ത രക്തസമ്മർദമുണ്ട്. സഹായത്തിന് ആരുമില്ല. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ജോമോൻ മാത്യു പറഞ്ഞു. നാട്ടിലേയ്ക്ക് മടങ്ങാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജോമോൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here