കൊവിഡ് 19 ചെറിയ പനിയെന്ന് ബ്രസീൽ പ്രസിഡന്റ്; ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഗുണ്ടാ സംഘങ്ങൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബ്രസീലിൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഗുണ്ടാ സംഘങ്ങൾ. കൊവിഡ് 19 വൈറസ് ബാധ ചെറിയ പനി മാത്രമാണെന്ന പ്രസിഡൻ്റ് ജൈർ ബോൽസനാരോയുടെ പ്രസ്താവനയെ മറികടന്നാണ് ഇവർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. രാത്രി 8 മണി മുതലാണ് ഷട്ട്‌ഡൗൺ.
ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട് റിയോ ഡി ജനീറോയുടെ ചേരികളിൽ ഗുണ്ടാ സംഘങ്ങൾ നോട്ടീസ് വിതരണം നടത്തിയിട്ടുണ്ട്. എട്ട് മണി മുതൽ കർഫ്യൂ ആണെന്നും പുറത്തിറങ്ങുന്നവരെ പാഠം പഠിക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണ് നോട്ടീസിലുള്ളത്. സർക്കാരിന് രോഗബാധ തടയാൻ ശേഷി ഇല്ലെങ്കിൽ തങ്ങൾ സംഘടിതരായി ഇറങ്ങുമെന്നും നോട്ടീസിൽ പറയുന്നു.
മറ്റു ചില ഇടങ്ങളിൽ തെരുവിലൂടെ ഉച്ചത്തിൽ കർഫ്യൂ വിവരം വിളിച്ചു പറഞ്ഞുകൊണ്ട് ഗുണ്ടാ സംഘങ്ങൾ റോന്ത് ചുറ്റുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ‘വൈറസ് ബാധ ആരും കാര്യമായി എടുത്തിട്ടില്ലാത്തതിനാൽ കർഫ്യൂ ഏർപ്പെടുത്തുന്നു. പുരത്തിറങ്ങുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കും. വീട്ടിൽ വെറുതെയിരിക്കണം’- ഇവർ മുന്നറിയിപ്പ് നൽകുന്നു.
ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം ബ്രസീലിൽ 2201 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വരുന്ന 15 ദിവസത്തിനുള്ളിൽ രാജ്യത്തിൻ്റെ പൊതുജനാരോഗ്യ വ്യവസ്ഥ തകിടം മറിയുമെന്ന് ഗവർണർ വിൽസൺ വിറ്റ്സൽ പറയുന്നു.
കൊവിഡ് 19 വെറുമൊരു പനിയാണെന്നും കുറച്ച് ആളുകൾ മരിക്കുമെന്നും ആയിരുന്നു ബ്രസീൽ പ്രസിഡൻ്റ് ജൈർ ബോൽസനാരോയുടെ പ്രസ്താവന. ബ്രസീൽ ജനതക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്നും കാര്യമായ പ്രശ്നങ്ങൾ രാജ്യത്തുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകവ്യാപകമായി ഉയർന്നത്.
Story Highlights: Brazilian gangsters impose curfew as President Bolsonaro calls coronavirus a ‘little flu’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here