കൊല്ലം ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളവർ 17017

കൊല്ലം ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 17,017 ആയി. ഇതില്‍ 42 പേര്‍ വിദേശ പൗരന്മാരാണ്. ദുബായില്‍ നിന്നുള്ള 1486 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 4427 സ്വദേശികളും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു. 30 പേര്‍ ഗൃഹ നിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് നാല് പേര്‍ മാത്രമാണ്. ഇവര്‍ ഉള്‍പ്പെടെ 23 പേര്‍ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഐസൊലേഷനിലുണ്ട്.

ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 653 സാമ്പിളുകളില്‍ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ പ്രാക്കുളം സ്വദേശി ഒഴികെ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.

അതേ സമയം ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ മാത്രം 249 കേസുകൾ രജിസ്റ്റർ ചെയ്തു. 258 പേരെ അറസ്റ്റ് ചെയ്യുകയും 212 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ 180 കേസുകളും കൊല്ലം റൂറൽ മേഖലയിലാണ്.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 20 പേർക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

20 ൽ പതിനെട്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്ന് കിട്ടിയത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐസൊലേഷൻ ഐസിയുവിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

Story Highlights: Self isolation kollam 17017

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top