ആർക്കും വേണ്ടാത്തവർ എന്ന തോന്നൽ ഉണ്ടാക്കരുത്; കൊവിഡ് 19 രോഗികളെ ഒറ്റപ്പെടുത്തരുതെന്ന് സച്ചിൻ

കൊവിഡ് 19 വൈറസ് ബാധിതരെ ഒറ്റപ്പെടുത്തരുതെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. കൊവിഡ് 19 വൈറസ് ബാധക്കെതിരെ മുൻകരുതൽ എടുക്കണമെന്നും പരസ്പര പിന്തുണ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർക്കും വേണ്ടാത്തവരെന്ന തോന്നൽ വൈറസ് ബാധിതരിൽ ഉണ്ടാക്കരുതെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സച്ചിൻ പറഞ്ഞു. കൊവിഡ് 19 വൈറസ് ബാധിതർ ചിലയിടങ്ങളിൽ ഒറ്റപ്പെടുന്നു എന്ന റിപ്പോർട്ടുകൾ ഉയരുന്നതിനിടെയാണ് സച്ചിൻ്റെ ട്വീറ്റ്.
‘കൊവിഡ് 19 സ്ഥിരീകരിച്ചവർക്ക് സമ്പൂർണ ശ്രദ്ധയും പരിപാലനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ധാർമിക ബാധ്യത നമുക്കുമുണ്ട്. ആർക്കും വേണ്ടാത്തവരെന്ന തോന്നൽ അവരിൽ ഉണ്ടാക്കരുത്. സാമൂഹിക അകലം പാലിക്കുമ്പോഴും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരസ്പരം പിന്തുണയ്ക്കുന്നതിലൂടെ മാത്രമേ കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ നമുക്കു വിജയം നേടാനാകൂ’- സച്ചിൻ പറയുന്നു.
നേരത്തെ, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ 50 ലക്ഷം രൂപ നൽകിയിരുന്നു. 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്കാണ് നൽകിയത്.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് മരണവും നൂറ്റിയൻപത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരസേനയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ 12 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയിൽ അഞ്ച്, മുംബൈയിൽ മൂന്ന്, നാഗ്പൂരിൽ രണ്ട്, കോലപൂരിൽ ഒന്ന്, നാസിക്കിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. പഞ്ചാബിലെ മൊഹാലിയിൽ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 25ന് ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
We all are responsible for ensuring that those who have tested positive for #COVID19 receive all our love and care & don’t feel any stigma.
We must all practice #SocialDistancing but we shouldn’t isolate them from our society!
We can win this war only by supporting each other. pic.twitter.com/riPDQE0knf
— Sachin Tendulkar (@sachin_rt) March 27, 2020
Story Highlights: sachin tendulkar tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here