പായിപ്പാട്ടെ സംഭവം ആസൂത്രിതം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് തെരുവില്‍ ഇറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി 5178 ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ സുരക്ഷ, വൈദ്യ സഹായം എന്നിവയെല്ലാം ഉറപ്പാക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ഒരിടത്തും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവര്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള നടപടിയും സ്വീകരിച്ചു. ഇതോടെ നാട്ടിലേക്ക് പോകണമെന്നായി ആവശ്യം. നാട്ടിലേക്കുള്ള യാത്ര ഇപ്പോള്‍ നടക്കില്ല എന്ന അറിയാമായിട്ടും ഇതെല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണ് പായിപ്പാട്ട് ഉണ്ടായത്. അതിന് പിന്നില്‍ ആസൂത്രിതമായ ഒരു പദ്ധതിയുണ്ടെന്ന് ഇന്നലെ തന്നെ വ്യക്തമായിട്ടുണ്ട്.
കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമവും അതില്‍ കാണാനാവും. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമം ഉണ്ടായത്. അതിന് പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മനസിലാക്കിയത്. അത് കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here