അമേരിക്കയിൽ നിയന്ത്രണം ഏപ്രിൽ വരെ; കൊവിഡ് പ്രതിരോധ മരുന്ന് 1,100 പേർക്ക് നൽകി; ട്രംപ്

കൊറോണ വൈറസ് പടരുന്നതിനിടയിലും അമേരിക്ക വീണ്ടും തുറക്കണമെന്ന മുൻനിലപാടിൽ നിന്ന് പൂർണമായി പിന്നാക്കം പോയിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചതായി ട്രംപ് അറിയിച്ചു. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.
അഞ്ച് മിനിറ്റിനുള്ളിൽ കൊവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റിന് രാജ്യത്താകെ അനുമതി നൽകി. കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണാർത്ഥം 1100 രോഗികൾക്ക് നൽകിയതായും ട്രംപ് അറിയിച്ചു. എത്രയും മെച്ചപ്പെട്ട രീതിയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവോ അത്രയും വേഗത്തിൽ ഈ ആപത്ത് വിട്ടൊഴിയുമെന്നും ട്രംപ് പറഞ്ഞു. ജൂൺ മാസത്തോടെ അമേരിക്ക സാധാരണ നിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസിൽ വച്ച് വ്യക്തമാക്കി. അമേരിക്കയിൽ കൊവിഡ് മരണം 2,810 ആയിട്ടുണ്ട്. 1,42,746 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം വൈറസ് ബാധ നിയന്ത്രിക്കാനായില്ലെങ്കിൽ അമേരിക്കയിൽ രണ്ട് ലക്ഷത്തോളം പേർ മരിച്ചേക്കുമെന്ന് കോവിഡ് പ്രതിരോധ വിഭാഗം മേധാവി മുന്നറിയിപ്പ് നൽകി. രോഗികളുടെ എണ്ണം ദിവസവും കുതിച്ചുയരുന്നതും ആശുപത്രികളിൽ സൗകര്യങ്ങളില്ലാത്തതും കാര്യങ്ങൾ സങ്കീർണമാക്കുന്നു. വൈറസ് ബാധിതരുടെ എണ്ണം ഇതേരീതിയിൽ വർധിച്ചാൽ രണ്ടാഴ്ചയ്ക്കകം ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിയും. മരുന്നും മറ്റ് സംവിധാനങ്ങളും പരിമിതമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്ത് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ല, പ്രായമായ ആളുകൾ വീട്ടിൽ തുടരണം തുടങ്ങിയ നിയന്ത്രണങ്ങളാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. ന്യൂയോർക്ക്, കനക്ടികട്ട്, ന്യൂജഴ്സി എന്നീ മേഖലകളിൽ 14 ദിവസത്തേയ്ക്ക് യാത്രാനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
america, donald trump, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here