കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 ലക്ഷം രൂപ നൽകി രോഹിത് ശർമ്മ

രാജ്യത്ത് പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 80 ലക്ഷം രൂപ നൽകി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. നിവർന്നു നിൽക്കാൻ രാജ്യത്തെ സഹായിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്ന് രോഹിത് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രോഹിത് ഈ വിവരം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ കെയേഴ്സ് ദുരിതാശ്വാസനിധിയിലേക്ക് 45 ലക്ഷം രൂപ നൽകിയ രോഹിത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വേണ്ടി നടപ്പിലാക്കിയ ‘സൊമാറ്റോ ഫീഡിംഗ് ഇന്ത്യ’ ക്യാമ്പയിനിലേക്ക് 5 ലക്ഷം രൂപയും തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയും രോഹിത് നൽകി.
“നമ്മുടെ രാജ്യത്തെ നിവർത്തി നിർത്തേണ്ട ഉത്തരവാദിത്തം നമുക്കാണ്. 45 ലക്ഷം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുന്നു. 5 ലക്ഷം വീതം ഫീഡിംഗ് ഇന്ത്യയിലേക്കും തെരുവു നായ്ക്കളുടെ സംരക്ഷണത്തിനും നൽകുന്നു. നമുക്ക് നമ്മുടെ നേതാക്കൾക്ക് പിന്നിൽ അണിനിരന്ന് അവരെ പിന്തുണക്കാം”- രോഹിത് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
നേരത്തെ, സച്ചിൻ തെണ്ടുൽക്കർ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്‌റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.
We need our country back on feet & the onus is on us. I’ve done my bit to donate 45lakhs to #PMCaresFunds, 25lakhs to #CMReliefFund Maharashtra, 5lakhs to @FeedingIndia and 5lakhs to #WelfareOfStrayDogs.Let’s get behind our leaders and support them @narendramodi @CMOMaharashtra
— Rohit Sharma (@ImRo45) March 31, 2020
Story Highlights: rohit sharma donated 80 lakhs for covid 19 relief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here