വിലക്കയറ്റം: പരിശോധനകള്‍ നടത്തുന്നതിന് വിജിലന്‍സും: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ വിജിലന്‍സിനെ കൂടി ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന ട്രക്കുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗത്തിനും റേഷന്‍ വിതരണം ചെയ്യും. ഒരു സമയം അഞ്ചുപേര്‍ മാത്രമേ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ശാശീരിക അകലം പാലിക്കണം. ഇതിനായി ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കാം.
റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് ജനപ്രതിനിധികളെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരെയോ മാത്രമേ അനുവദിക്കൂ. നേരിട്ടെത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കണം. ഇതിനായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കാം.
സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗത്തിനും മുന്‍ഗണനാ വിഭാഗത്തിനും ധാന്യങ്ങള്‍ എത്തിക്കുന്നതിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി റേഷന്‍ കാര്‍ഡ് നമ്പരിന്റെ അവസാന അക്കം വച്ച് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here