ഇടുക്കിയിൽ പ്രവർത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം എക്സൈസ് തകർത്തു

ഇടുക്കി രാജകുമാരിയില്‍ ഏലത്തോട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം തകര്‍ത്തു. ജാറുകളില്‍ സൂക്ഷിച്ചിരുന്ന കോട നശിപ്പിക്കുകയും വാറ്റുപകരണങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ വിവിധ കേസുകളിലായി 3000 ലിറ്ററിലധികം കോടയാണ് നെടുങ്കണ്ടത്തെ എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചത്.
രാജകുമാരി വാതുകാപ്പിലെ ഏലത്തോട്ടത്തിന് നടുവിലുള്ള വീട് കേന്ദ്രീകരിച്ചാണ് ചാരയ നിര്‍മാണം നടന്നിരുന്നത്. വീടിനുള്ളില്‍ വിവിധ ജാറുകളിലായി സൂക്ഷിച്ചിരുന്ന 330 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നശിപ്പിച്ചു. വാതുകാപ്പ് സ്വദേശിയായ കോട്ടേക്കുടിയില്‍ സാജുവിന്റെ ഉടമസ്ഥതയിലുള്ള ഏലതോട്ടത്തില്‍ നിന്നുമാണ് കോട കണ്ടെത്തിയത്. ലോക്ക് ഡൗണിന്റെ പശ്ചാതലത്തില്‍ ചില്ലറ വില്‍പ്പനക്കായാണ് ചാരായ നിര്‍മാണം നടത്തിയിരുന്നത്.
എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. എന്നാൽ പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ആറാംമൈലിലെ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്ന് 2000 ലിറ്റർ കോടയും ചാരായവും എക്സൈസ് സംഘം നശിപ്പിച്ചിരുന്നു. രാമക്കൽമേട്ടിലെ മലമുകളിൽ നിന്ന് കഴിഞ്ഞ ദിവസം 600 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ബാറുകളും ബീവറേജുകളും അടച്ചതോടെയാണ് ഹൈറേഞ്ച് മേഖലയിൽ വ്യാജവാറ്റ് സംഘം സജീവമായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here