കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ റേഷൻ വിതരണം നിലച്ചു

കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ റേഷൻ വിതരണം നിലച്ചു. ഭക്ഷ്യധാന്യങ്ങൾ തീർന്നതാണ് കാരണം. പല റേഷൻ കടകളിലും മതിയായ സാധനങ്ങൾ ലഭ്യമല്ല. പ്രത്യേകിച്ചും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ റേഷൻ വിതരണം പൂർണമായും നിലച്ചു. പുനലൂർ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലാണ് ക്ഷാമം രൂക്ഷമായത്. കൊല്ലം അഞ്ചലിൽ റേഷൻ കടയിലെത്തുന്നവർ സാധനങ്ങൾ ഒന്നും ലഭിക്കാതെ മടങ്ങുകയാണ്.
പുനലൂർ സിവിൽ സപ്ലൈസിൽ നിന്നും ആവശ്യത്തിന് സാധനങ്ങൾ എത്താത്തതാണ് വിതരണം നിലയ്ക്കാൻ കാരണം. ഒരാഴ്ച മുൻപാണ് അവസാനമായി സാധനങ്ങൾ എത്തിയതെന്നും അത് കഴിഞ്ഞ ദിവസം തന്നെ തീർന്നുവെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
സംസ്ഥാന സർക്കാർ തിരക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയ ക്രമീകരണ പ്രകാരം കാർഡ് നമ്പറിന്റെ അവസാനം 2, 3 അക്കങ്ങൾ വരുന്നവർക്കാണ് ഇന്ന് സാധനങ്ങൾ ലഭിക്കേണ്ടത്. എന്നാൽ ഓട്ടോ ഉൾപ്പടെ വിളിച്ച് വരുന്ന പലരും നിരാശരായി മടങ്ങുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു. ഭക്ഷ്യധാന്യങ്ങൾ ഇന്നും നാളെയുമായി എത്തിക്കുമെന്നാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ വിശദീകരണം.
Story Highlights- ration shop,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here