പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട 10 കാര്യങ്ങള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് മനസിലാക്കാനും കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാനുമായിരുന്നു വിഡിയോ കോണ്‍ഫറന്‍സ്. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
1. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ്് ഇടപെടണം.
2. രോഗസാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ ഒരുക്കണം.
3. ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.
4. കൊറോണ അല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കണം.
5. സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതില്‍ പക്ഷപാത നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല.
6. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം.
7. കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നല്‍കണം. കൂടുതല്‍ ടെസ്റ്റിംഗ് സെന്ററുകള്‍ക്ക് അനുവാദം വേണം
8. കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്ന സാഹചര്യത്തില്‍ റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകള്‍ ഹോങ്കോംഗില്‍നിന്ന് ദൈനംദിനം വിമാനമാര്‍ഗം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചു.
9. കൊവിഡ് പ്രത്യേക ആശുപത്രികള്‍ തുടങ്ങാന്‍ വലിയ മൂലധനം ആവശ്യമായി വരുന്നു. അതിനുള്ള തുക ദുരന്ത നിവാരണ നിധിയില്‍ നിന്ന് ഉപയോഗിക്കാന്‍ അനുവാദം നല്‍കണം.
10. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്തണം.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here