കൊറോണക്കാലത്ത് ഗുജറാത്തിലെ ഗോമൂത്ര ഉപഭോഗത്തിൽ വർധന

കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സർവരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാൽ ഗുജറാത്തിൽ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവർത്തകമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റർ ആയെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുൻകേന്ദ്രമന്ത്രിയുമായ ബിജെപി നേതാവുമായ വല്ലഭ് കതിരിയ പറയുന്നത്.

ഗുജറാത്തിൽ കൊറോണ കാലത്ത് സാനിറ്റൈസർ എന്ന വിളിപ്പേര് കൂടി ഗോമൂത്രത്തിന് നൽകി കഴിഞ്ഞു. വൈറസ് പ്രതിരോധത്തിനായി ഡൽഹിയിൽ ഗോമൂത്ര സത്കാരം വരെ നടത്തിയിരുന്നു. എന്നാൽ ഗോമൂത്ര ഉപഭോഗത്തിൽ ഡൽഹിയെ കടത്തിവെട്ടിയിരിക്കുകയാണ് ഗുജറാത്ത്.

Read Also: കൊറോണയെ നേരിടാൻ ‘ഗോമൂത്ര പാർട്ടി’ യുമായി ഹിന്ദു മഹാസഭ

ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ ഗോമൂത്രം ദഹനത്തിന് നല്ലതാണെന്ന് വല്ലഭ് പറയുന്നു. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാൻ വേണ്ടിയും ആളുകൾ ഗോമൂത്രം കുടിക്കുന്നുണ്ട്. എന്നാലും സംസ്‌കരിച്ച ഗോമൂത്രത്തിനാണ് ഇപ്പോൾ ആവശ്യക്കാർ ഏറിയിരിക്കുന്നതെന്നും വല്ലഭ്.

ഗുജറാത്തിൽ 4000ൽ അധികം ഗോശാലകളുണ്ടെങ്കിലും 500 എണ്ണം മാത്രമാണ് ഗോമൂത്രം ശേഖരിക്കുന്നത്. എന്നാൽ ഗോമൂത്രത്തിന്റെ ആവശ്യകത വർധിക്കുകയാണെങ്കിൽ ഗോശാലകൾ നടത്താൻ അത് മാത്രം മതിയെന്നും വല്ലഭ് കതിരിയ.

2007ൽ ഗോമൂത്രത്തിൽ നിന്ന് ബോഡി സ്പ്രേ കണ്ടെത്തിയ ലഭ്ഷങ്കർ രാജ്‌ഗോർ പറയുന്നത് വൈറസ് അടക്കമുള്ള രോഗാണുക്കളെ അടക്കിനിർത്താൻ ഗോമൂത്രത്തിന് കഴിയുമെന്നാണ്. ഈ അവസരത്തിൽ ഗോമൂത്ര സ്‌പ്രേയ്ക്കും ആവശ്യക്കാർ ഏറെയാണെന്ന് അദ്ദേഹം പറയുന്നു. ഗോമൂത്ര സാനിറ്റൈസറും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കാൻസർ രോഗിയായിരുന്ന ഭാര്യയ്ക്ക് ഗോമൂത്രം ദിവസവും രാവിലെ കുടിക്കുന്നതിലൂടെ വലിയ ആശ്വാസം ലഭിച്ചിരുന്നതായി എഞ്ചിനീയറായ കന്തിലാൽ പട്ടേൽ എകണോമിക് ടെെംസിനോട് പറഞ്ഞു. വൈറസുകളെ അകറ്റാനുള്ള ഗോമൂത്രത്തിന്റെ ശക്തിയിൽ അദ്ദേഹത്തിന് തെല്ലും സംശയമില്ല. ഗോമൂത്രം സംസ്‌ക്കരിച്ചു വിൽക്കുന്ന രാജു പട്ടേൽ പറയുന്നത് തനിക്ക് ഇപ്പോൾ ആവശ്യത്തിന് ഗോമൂത്രം ലഭിക്കുന്നില്ലെന്നാണ്.

 

cow urine, coronavirus, gujrat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top