തൊണ്ണൂറ്റിമൂന്നും എണ്‍പത്തിയെട്ടും വയസുള്ള വൃദ്ധദമ്പതികള്‍ കൊവിഡ് ഭേദമായി വീട്ടിലേക്ക്; ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി കേരളം

കോവിഡ് 19 ഭേദമായ റാന്നിയിലെ വൃദ്ധ ദമ്പതിമാര്‍ ആശുപത്രി വിട്ടു. ഇവരെ ചികിത്സിക്കുന്നതിനിടെ രോഗം പകര്‍ന്ന ആരോഗ്യ പ്രവര്‍ത്തക രേഷ്മയും, ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതോടെ കോട്ടയത്ത് ചികിത്സയിലിരുന്ന എല്ലാവരും രോഗമുക്തരായി. ഇരുപത്തിയഞ്ച് ദിവസത്തിന് ശേഷം തൊണ്ണൂറ്റിമൂന്നുകാരന്‍ തോമസും, 88കാരി മറിയാമ്മയും ആരോഗ്യം വീണ്ടെടുത്ത് ആശുപത്രിക്ക് പുറത്തേക്ക്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം തല ഉയര്‍ത്തി നിന്ന നിമിഷം.
മാര്‍ച്ച് മുപ്പതിന് ഇരുവരുടെയും രണ്ടാം സാമ്പിള്‍ ഫലം നെഗറ്റീവായിരുന്നു. എങ്കിലും, വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഭേദമാകാന്‍ നാല് ദിവസത്തെ കാത്തിരിപ്പ്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമെത്തിയതോടെയാണ് ഇരുവരെയും വീട്ടിലേക്ക് മാറ്റിയത്. വലിയ പിടി വാശിയാണ് വൃദ്ധ ദമ്പതിമാര്‍ കാണിച്ചതെങ്കിലും, ചികിത്സയോട് സഹകരിച്ചിരുന്നതായി മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പം ചെലവഴിച്ച ഡോ, അനുരാഗ് പറഞ്ഞു.
പാട്ടുപാടിയും, കഥപറഞ്ഞും ഇരുവരെയും സ്വന്തം മാതാപിതാക്കളെ പോലെ പരിചരിച്ച നഴ്‌സുമാര്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദത്തിലാണ്. തോമസിനെയും മറിയാമ്മയെയും ചികിത്സിക്കുന്നതിനിടെ രോഗം പകര്‍ന്ന നഴ്‌സ് രേഷ്മ മോഹന്‍ദാസിനും രോഗം ഭേദമായി. മൂന്ന് സാമ്പിളുകള്‍ നെഗറ്റീവായതോടെ രേഷ്മയും വീട്ടിലേക്ക് മടങ്ങി.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here