വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും ഡിജിപി മുന്നറയിപ്പ് നല്‍കി.

ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അശാസ്ത്രീയവും അബദ്ധങ്ങള്‍ നിറഞ്ഞതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുന്നവര്‍ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ വിവരസാങ്കേതികവിദ്യ വകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു

 

Story Highlights- fake news , DGP, kerala policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More