Advertisement

കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങൾ ഭാഗികമായി തുറക്കാൻ അനുമതി

April 4, 2020
1 minute Read

സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തോട്ടങ്ങളും അടച്ചതോടെ വിളവെടുപ്പും സംഭരണവും സംസ്‌കരണവും, ജലസേചനം ഉൾപ്പെടെയുള്ള സംരക്ഷണ പ്രവർത്തനങ്ങളും നിലച്ച ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഉത്തരവ്.

നിലവിൽ തോട്ടങ്ങളിൽ താമസിക്കുന്നവരല്ലാതെ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ആരെയും തോട്ടങ്ങളിൽ ജോലിക്ക് നിയോഗിക്കാൻ പാടില്ലെന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തേയില കൊളുന്ത് നുള്ളാനും അവ സംസ്‌കരിക്കുന്നതിന് ഫാക്ടറികൾ പ്രവർത്തിപ്പിക്കാനും മാത്രമാണ് അനുമതി. കൊളുന്ത് നുള്ളാൻ അര ഏക്കറിന് ഒരു തൊഴിലാളി എന്ന നിലയിൽ മാത്രമേ നിയോഗിക്കാവൂ. കൊളുന്ത് തൂക്കുന്ന ഇടങ്ങളിൽ തൊഴിലാളികൾ തമ്മിൽ എട്ടടി അകലം പാലിക്കണം. മസ്റ്ററിംഗ് പൂർണമായും ഒഴിവാക്കണം. ഫാക്ടറിയിൽ നിന്ന് തേയില വെയർഹൗസിലേക്ക് കൊണ്ടുപോകുന്നതിനു മാത്രമായി വാഹനം ഉപയോഗിക്കാനും അനുമതിയുണ്ട്.

ഏലത്തോട്ടങ്ങളിൽ ജലസേചനവും അത്യാവശ്യ കീടനാശിനി പ്രയോഗവും നടത്താം. ഇതിനായി ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. കാപ്പി തോട്ടങ്ങളിൽ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനുമാണ് അനുമതി. എണ്ണപ്പന കുരു വിളവെടുക്കുകയും തോട്ടങ്ങൾക്കകത്തുള്ള ഫാക്ടറികളിൽ മാത്രം സംസ്‌കരിക്കുകയും ചെയ്യാം. ഇതിനായി 15 ഏക്കറിന് നാല് തൊഴിലാളികൾ എന്ന നിലയിൽ മാത്രമേ നിയോഗിക്കാവൂ.

കശുവണ്ടി ശേഖരിക്കുകയും അവ യാർഡുകളിൽ എത്തിക്കുകയും ചെയ്യാം. ഒരു ഹെക്ടർ സ്ഥലത്ത് ഒരു തൊഴിലാളി എന്ന നിലയിൽ നിയോഗിക്കാം. ഗ്രാമ്പൂ വിളവെടുപ്പിന് ഒരു ഏക്കറിന് മൂന്ന് തൊഴിലാളികളെ വീതം നിയോഗിക്കാം.

ഈ നിർദേശങ്ങളും കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സുരക്ഷാമാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ടു മാത്രമേ തോട്ടങ്ങൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ എന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.

കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കൊണ്ടു വന്നിട്ടുള്ള നിയന്ത്രണങ്ങളും പ്ലാന്റേഷൻ മേഖലയ്ക്കായി ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് പ്രത്യേകമായി പുറത്തിറക്കിയിട്ടുള്ള മാർഗ നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ നിഷ്‌കർഷിച്ചു.
സർക്കാർ ഉത്തരവിനും കൊവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന തോട്ടങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുമെന്ന് ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ.പ്രമോദ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top