Advertisement

പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലങ്ങളില്‍ ഇടപെടും: മുഖ്യമന്ത്രി

April 5, 2020
Google News 1 minute Read

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സമൂഹം ശ്രദ്ധയില്‍പെടുത്തിയ ഒരു വിഷയം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥന കോണ്‍ഫറന്‍സിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി. സ്‌കൂള്‍ അധികൃതരോട് പൊതുഅഭ്യര്‍ത്ഥന നടത്തുകയും കേന്ദ്രസര്‍ക്കാര്‍ വഴി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് ബാധിച്ചതല്ലാത്ത മരണങ്ങള്‍ നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തടസമില്ല. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലും പ്രവാസികള്‍ക്ക് പണം അയക്കാനാവാത്ത പ്രശ്‌നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികള്‍ തിരിച്ചടക്കുന്ന രീതിയില്‍, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം എസ്എല്‍ബിസിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കും. ലോക കേരള സഭ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കാര്യങ്ങളില്‍ പരിശീലനം നല്‍കും. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തും. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ ആശങ്ക വളരെ വലുതാണ്. അവരുടെ പുനരധിവാസത്തിന് ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here