ലോക്ക് ഡൗൺ വന്നതോടെ ഗംഗാ നദിയിൽ തെളിഞ്ഞ ജലം

ലോക്ക് ഡൗൺ വന്നതോടെ ഫാക്ടറികളും മറ്റും അടഞ്ഞുകിടക്കുന്നു, ആളുകൾ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നില്ല, ഇതോടെ ഗംഗാ നദിയിലെ ജലവും തെളിയുകയാണ്. മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഗംഗയിൽ വെള്ളത്തിന്റെ തെളിമയിൽ 40-50 ശതമാനം മാറ്റം വന്നത്. 21 ദിവസത്തെ ലോക്ക് ഡൗൺ ഗംഗയുടെ ജലത്തിന്റെ തെളിമ കൂട്ടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
‘ഗംഗയിലേക്ക് വരുന്ന മാലിന്യത്തിന്റെ പത്തിൽ ഒരു ഭാഗം ഫാക്ടറികളിൽ നിന്നുമാണ്. എന്നാൽ ലോക്ക് ഡൗണിൽ ഫാക്ടറികൾ അടച്ചതോടുകൂടി അവസ്ഥ ഭേദപ്പെട്ടു. 40 മുതൽ 50 ശതമാനം വരെ പുരോഗതിയാണ് ഗംഗയുടെ ജലത്തിൽ കാണുന്നത്. ഇതൊരു ശ്രദ്ധേയമായ കാര്യമാണ്’- ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി പ്രൊഫസറായ ഡോ പി കെ മിശ്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ‘മാർച്ച് 15-16 തിയതികളിൽ ഗംഗയുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തിരുന്നു. അതോടെ വെള്ളത്തിന്റെ അളവും കൂടി. അതോടെ വെള്ളം തെളിയുന്നത് എളുപ്പമായി. ലോക്ക് ഡൗണിന് മുൻപും ശേഷവും നോക്കുകയാണെങ്കിൽ വ്യക്തമായ മാറ്റം ഗംഗാ നദിയുടെ ജലത്തിൽ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഗയുടെ ഓരത്ത് താമസിക്കുന്ന ആളുകളും ഗംഗാ നദി വൃത്തിയാകുന്നതിൽ സന്തോഷവാന്മാരാണ്. വളരെയധികം വ്യത്യാസമാണ് ഗംഗാജലത്തിന് വന്നിരിക്കുന്നത്. ഫാക്ടറികളാണ് ഗംഗയിലെ വെള്ളം തകരാറിലാകാൻ ഉള്ള പ്രധാന കാരണം, ഫാക്ടറികൾ അടച്ചു. കൂടാതെ ഇപ്പോൾ ആളുകൾ നദിയിൽ കുളിക്കാറുമില്ല. ഈ സ്ഥിതി പത്ത് ദിവസം കൂടി തുടർന്നാൽ ഗംഗ മുൻപ് ഉണ്ടായിരുന്നത് പോലെ തെളിമയാർന്നതാകും. ആരും ലോക്ക് ഡൗണിന് ഇങ്ങനെ ഒരൂ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. കാലാവസ്ഥയും ഭേദപ്പെട്ടു. ഗംഗയിലെ വെള്ളത്തിലേക്ക് നോക്കുമ്പോൾ സന്തോഷം തോന്നുന്നുവെന്നും അവർ പറയുന്നു. വാരാണസിയിലെയും കാൺപൂരിലെയും ആളുകൾ തങ്ങളുടെ ആഹ്ലാദം പങ്കുവച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24ാം തിയതി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഗംഗാ നദിക്കും ഗുണകരമായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായ ഡൽഹിയിലും കാലാവസ്ഥയിൽ വലിയ മാറ്റമാണ് ലോക്ക് ഡൗണിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
lock down, ganga river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here