Advertisement

അശരണര്‍ക്ക് ഭക്ഷണവുമായി പൊലീസ്; ഇതുവരെ വിതരണം ചെയ്തത് 30,733 ഭക്ഷണപ്പൊതികള്‍

April 5, 2020
1 minute Read

കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ അഗതികള്‍ക്കും അശരണര്‍ക്കുമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് പൊലീസ്. ഇതുവരെ 30,733 ഭക്ഷണപ്പൊതികളാണ് പൊലീസ് വിതരണം ചെയ്തത്. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിവസം ഉച്ചയ്ക്ക് തിരുവനന്തപുരത്ത് 125 പേര്‍ക്ക് ഭക്ഷണം എത്തിച്ചുകൊണ്ടാണ് ‘ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം’ എന്ന പദ്ധതിക്ക് പൊലീസ് തുടക്കം കുറിച്ചത്. എന്നാല്‍ ഭക്ഷണം കിട്ടാത്തവരുടെ എണ്ണം തിരുവനന്തപുരത്ത് മാത്രം 125 നും അപ്പുറത്താണെന്ന് അന്നുതന്നെ മനസിലായി. അതിനെ തുടര്‍ന്നാണ് പദ്ധതി വിപുലീകരിക്കാന്‍ ഐജി പി.വിജയന്റെ നേതൃത്വത്തിലുളള സംഘം തീരുമാനിച്ചത്. സ്റ്റുഡന്റ്് കേഡറ്റ് പൊലീസ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ലൂര്‍ദ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളും വ്യക്തികളും പൊലീസിനൊപ്പം നിന്നു. ജഗതിയിലെ അനന്തപുരി ഓഡിറ്റോറിയത്തിലെ അടുക്കളയാണ് പാചക കേന്ദ്രം. തിരുവനന്തപുരം നഗരത്തില്‍ ദിവസേന മൂന്നു നേരവുമായി ഏകദേശം 2150 ഭക്ഷണപ്പൊതികളാണ് പൊലീസ് സൗജന്യമായി വിതരണം ചെയ്യുന്നത്.

ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ്, കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം ട്രസ്റ്റ്, അരി വിപണനക്കാരായ നിറപറ എന്നിവ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളാണ് കലവറയിലേയ്ക്ക് വേണ്ട സാധനങ്ങള്‍ എത്തിക്കുന്നത്. കുടിവെള്ളം നല്‍കുന്നത് കേരള കൗമുദിയാണ്. ഡോ. എന്‍.വി.പിള്ള ഉള്‍പ്പെടെയുള്ള പ്രമുഖരും പൊലീസിന് സഹായവുമായെത്തി. ഇതുവരെ 30,733 പായ്ക്കറ്റ് ഭക്ഷണമാണ് വിതരണം ചെയ്തത്. ഇതില്‍ 4,000 പ്രഭാത ഭക്ഷണം, 17,646 ഉച്ചഭക്ഷണം, 9087 അത്താഴം എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ പട്ടികവര്‍ഗ കോളനികള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളിലായി 4442 ഭക്ഷ്യധാന്യകിറ്റുകളും വിതരണം ചെയ്തു.

ആദ്യത്തെ ഏതാനും ദിവസം പുത്തരിക്കണ്ടം മൈതാനത്തെ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചിരുന്ന അഗതികള്‍ക്കാണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് സ്‌കൂളുകളിലേക്ക് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും ഉച്ചഭക്ഷണം നല്‍കി തുടങ്ങുകയും ചെയ്തതോടെ പൊലീസിന്റെ പ്രവര്‍ത്തന കേന്ദ്രം മാറ്റി. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഇപ്പോള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. 150 പേര്‍ക്ക് പ്രഭാത ഭക്ഷണവും 950 പേര്‍ക്ക് ഉച്ചഭക്ഷണവും അത്രയും പേര്‍ക്കുതന്നെ അത്താഴവും ഇപ്പോള്‍ നല്‍കി വരുന്നു. ചില സ്ഥാപനങ്ങള്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചുതരുന്ന ദിവസങ്ങളില്‍ ഇതിലും കൂടുതല്‍ പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാറുണ്ട്.

വട്ടിയൂര്‍ക്കാവ്, തിരുമല, കിഴക്കേകോട്ട പ്രദേശങ്ങളിലെ ഏകദേശം 125 കിടപ്പുരോഗികള്‍ക്കും പൊലീസ് കൃത്യമായി ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്. കൂടാതെ ഭക്ഷണവണ്ടി എന്ന പേരില്‍ ഒരു വാഹനവും നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 250 ഓളം ഭക്ഷണപ്പൊതികളുമായി നഗരം ചുറ്റുന്ന ഈ വാഹനം വഴിയില്‍ കാണുന്ന വിശന്നിരിക്കുന്ന എല്ലാവര്‍ക്കും ദിവസവും ആഹാരം എത്തിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി യിലെ 15 ജീവനക്കാര്‍ക്കും രാവിലെയും വൈകിട്ടും ഭക്ഷണം കൊടുക്കുന്നതും പൊലീസ് തന്നെയാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിനുള്ളില്‍ കുടുങ്ങിപ്പോയ പത്ത് കുട്ടികള്‍ക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.

ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവ കൂടാതെ കുറ്റിപ്പുറം, വളാഞ്ചേരി, മൂന്നാര്‍, തിരൂര്‍, വണ്ടിപ്പരിയാര്‍, കുമളി, നിലമ്പൂര്‍, അട്ടപ്പാടി എന്നിവിടങ്ങളിലും അതത് സ്ഥലത്തെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ഈ പദ്ധതി വന്‍വിജയമായി മുന്നോട്ട് പോവുകയാണ്. പൊലീസ് ആസ്ഥാനത്തെ ഐജി പി.വിജയനെക്കൂടാതെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അസിസ്റ്റന്റ്് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍. അജിത് കുമാര്‍, പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണ, നന്‍മ ഫൗണ്ടേഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ വി.എം. രാകേഷ്, ലൂര്‍ദ്ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സോണി, അജ്‌വ കാറ്ററിംഗ്് ഉടമ മുജീബ് എന്നിവരും ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുമാണ് മറ്റ് സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. എല്ലാ ദിവസവും പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് ഏബ്രഹാമും ഒപ്പമുണ്ട്.

Story Highlights: coronavirus, kerala police,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top