‘ഞാൻ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചപ്പോൾ ആളുകൾ സംശയം പ്രകടിപ്പിച്ചു; ഇപ്പോൾ ലോകം മുഴുവൻ ഏറ്റുവിളിക്കുന്നു’: രാംദാവ് അത്താവലെ

തൻ്റെ മുദ്രാവാക്യം ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുത്തെന്ന് കേന്ദ്രമന്ത്രി രാംദാവ് അത്താവലെ. ഫെബ്രുവരിയിൽ താൻ ഗോ കൊറോണ മുദ്രാവാക്യം മുഴക്കിയപ്പോൾ ആളുകൾ സംശയം പ്രകടിപ്പിച്ചു. പക്ഷേ, ഇപ്പോൾ അത് ലോകം മുഴുവൻ ഏറ്റുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഫെബ്രുവരി 20ന്, രാജ്യത്തെ കൊവിഡ് 19 സ്ഥിതി ഇത്ര രൂക്ഷമല്ലാതിരുന്ന സമയത്ത് ഞാൻ ‘ഗോ കൊറോന, കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ആ സമയത്ത് ഇത് ശരിക്കും കൊറോണയെ ഓടിക്കുമോ എന്നായിരുന്നു ആളുകൾക്ക് സംശയം. ഇപ്പോൾ ലോകം മുഴുവൻ ഈ മുദ്രാവാക്യം ഏറ്റുവിളിക്കുകയാണ്.”- അത്താവാലെ എഎൻഐയോട് പറഞ്ഞു.
ഒരു പ്രാർത്ഥനാ യോഗത്തിലാണ് അത്താവാലെ കൊറോണക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. ചൈനീസ് നയതന്ത്രപ്രതിനിധിയും ബുദ്ധ സന്യാസിമാരും പങ്കെടുത്ത പ്രാര്‍ഥന യോഗത്തിലായിരുന്നു മുദ്രാവാക്യം വിളി. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച പ്രാര്‍ഥന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം തെലങ്കാനയിലെ ഏക ബിജെപി എംഎൽഎ രാജാ സിംഗും കൊറോണക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. വീടുകളിലെ ലൈറ്റുകൾ അണച്ച് 9 മിനിട്ട് നേരം വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് തെരുവിൽ ആളെക്കൂട്ടി തീകൊളുത്തി പ്രകടനം നടത്തുന്നതിനിടെയാണ് അദ്ദേഹം മുദ്രാവാക്യം മുഴക്കിയത്.
പന്തം കൊളുത്തി തെരുവിലിറങ്ങിയ രാജ സിംഗ് ”ഗോ ബാക്ക്, ഗോ ബാക്ക്, ചൈന വൈറസ് ഗോ ബാക്ക്” എന്ന മുദ്രാവാക്യമാണ് വിളിച്ചത്. ഒപ്പമുള്ള അനുയായികൾ അത് ഏറ്റ് വിളിക്കുന്നുമുണ്ട്. സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യാതെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് ബിജെപി എംഎൽഎയുടെ പ്രകടനം.
Story Highlights: My slogan is all around the world says ramdas athawale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here