ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമേ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
10813 ഐസൊലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാണ്. ഇതിന് പുറമേ, 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൊറോണ കെയര്‍ ആശുപത്രി തയാറാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഉടനെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here