പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി

കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളികള്‍ക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി സമൂഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. 22 രാജ്യങ്ങളില്‍നിന്നുള്ള 30 പ്രവാസി മലയാളികളാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയോട് സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളും എംബസികള്‍ മുഖേന ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ പഠനം നടക്കുന്നില്ല. ആ കാലയളവിലും ഫീസ് നല്‍കേണ്ടിവരുന്നത് പ്രവാസികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്മെന്റുകള്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്നവും പ്രവാസികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here